Connect with us

Gulf

മെസ്സിയുടെ പാസ്‌പോര്‍ട്ടിന്റെ ചിത്രം സമൂഹമാധ്യമത്തിലിട്ട പോലീസുകാരനു തടവ്

Published

|

Last Updated

ദുബൈ: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പാസ്‌പോര്‍ട്ട്, സമൂഹ മാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ പരസ്യപ്പെടുത്തിയ വിമാനത്താവള പോലീസ് ഉദ്യോഗസ്ഥന് ഒരു മാസം തടവ്. ദുബൈ കോടതിയാണ് വിധിച്ചത്. ദുബൈയിലെത്തിയിരുന്ന മെസ്സിയുടെ പാസ്‌പോര്‍ട്ട് സ്‌നാപ് ചാറ്റിലാണ് പോലീസ് ഉദ്യോഗസ്ഥന്‍ പോസ്റ്റ് ചെയ്തത്.
മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കര്‍ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഡിസംബര്‍ 27ന് മെസ്സി ദുബായിലെത്തിയപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. അന്ന് അവധി അപേക്ഷ നല്‍കാന്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍ മെസ്സി അവിടെയുണ്ടെന്ന് സഹപ്രവര്‍ത്തകന്‍ പറഞ്ഞപ്പോള്‍, അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ ഇദ്ദേഹം ശ്രമിച്ചു. എന്നാല്‍ മെസ്സി ക്ഷീണിതനാണെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ മുറിയിലെത്തി പാസ്‌പോര്‍ട്ടിന്റെ പടമെടുക്കുകയായിരുന്നു.
പ്രശസ്തനായ കായികതാരത്തിന്റെ പാസ്‌പോര്‍ട്ടിന്റെ ചിത്രം തന്റെ ഐ ഫോണ്‍ 6 ല്‍ പകര്‍ത്തുകയും ടെലികമ്യൂണിക്കേഷന്‍ സംവിധാനം ദുരുപയോഗപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നുവെന്ന് കോടതി കണ്ടെത്തി. മെസ്സി ഇവിടെ ദുബായിലുണ്ട്. എന്താണ് ഞാനിപ്പോള്‍ ചെയ്യേണ്ടത്? പാസ്‌പോര്‍ട്ട് കത്തിക്കണോ അതോ പോകാന്‍ അനുവദിക്കണോ. ഞാന്‍ പോകാന്‍ അനുവദിക്കുന്നു എന്ന കുറിപ്പും ഇതോടൊപ്പം ചേര്‍ത്തിരുന്നു. ദുബൈ കോടതി ജഡ്ജി റഫാത് അബ്ബാസ് ആണ് വിധി പ്രസ്താവിച്ചത്.

---- facebook comment plugin here -----

Latest