‘എയര്‍ലിഫ്റ്റ്’ ടൊയോട്ട സണ്ണിയുടെ കഥ; അബ്ദുര്‍റബിന്റെയും

Posted on: February 2, 2016 7:43 pm | Last updated: February 4, 2016 at 7:10 pm
സണ്ണിയുടെ ഫോട്ടോയുമായി കെ ടി അബ്ദുര്‍റബ്ബിന്റെ റിപ്പോര്‍ട്ട്‌
സണ്ണിയുടെ ഫോട്ടോയുമായി കെ ടി അബ്ദുര്‍റബ്ബിന്റെ റിപ്പോര്‍ട്ട്‌

ദുബൈ: ഇറാഖിന്റെ, കുവൈത്ത് അധിനിവേശ കാലത്തെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ കഥ പറഞ്ഞ എയര്‍ലിഫ്റ്റ് എന്ന ഹിന്ദി സിനിമ ഇന്ത്യയില്‍ അംഗീകാരം നേടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകനായ കെ ടി അബ്ദുര്‍റബ്ബിന് ആഹ്ലാദം. 1990ല്‍ അബ്ദുര്‍റബ് ഖലീജ് ടൈംസില്‍ എഴുതിയ റിപ്പോര്‍ട്ടുകളെക്കൂടി ആധാരമാക്കിയുള്ളതാണ് സിനിമ.
കുവൈത്തില്‍ നിന്ന് 1.7 ലക്ഷം ഇന്ത്യക്കാരെ ജോര്‍ദാന്‍ വഴി രക്ഷപ്പെടുത്തുന്നതില്‍ മുന്‍നിരയില്‍ നിന്ന മലയാളിയായ മാത്യൂസ് എന്ന ടൊയോട്ട സണ്ണിയെക്കുറിച്ചുള്ളതാണ് സിനിമ. ഹിന്ദിയിലെ സൂപ്പര്‍ സ്റ്റാറുകളിലൊരാളായ അക്ഷയ്കുമാറാണ് രഞ്ജിത് കത്യാല്‍ എന്ന പേരില്‍ ടൊയോട്ട സണ്ണിയെ അവതരിപ്പിക്കുന്നത്.
1990 ഒക്‌ടോബര്‍ 31നാണ് ടൊയോട്ട സണ്ണിയുടെ ധീരകൃത്യത്തെക്കുറിച്ച് അബ്ദുര്‍റബ് ഖലീജ് ടൈംസില്‍ റിപ്പോര്‍ട്ടെഴുതിയത്. സല്യൂട്ട് ടു സണ്ണി, ദി സേവ്യര്‍ (സണ്ണി, എന്ന രക്ഷകന് അഭിവാദ്യം) എന്ന റിപ്പോര്‍ട്ടിന്റെ ഭാഗം സിനിമയില്‍ കാണിക്കുന്നുണ്ട്. കുവൈത്തില്‍ അരക്ഷിതാവസ്ഥയിലായ ഇന്ത്യക്കാരുടെ കൂട്ടത്തിലുള്ള അവസാന ആളെയും രക്ഷപ്പെടുത്തിയ ശേഷമാണ് ടൊയോട്ട സണ്ണി കുവൈത്ത് വിട്ടത്. കോട്ടയം ഇരവിപേരൂര്‍ സ്വദേശിയായ സണ്ണി 1956ല്‍ കുവൈത്തിലെത്തി. ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകള്‍ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു.
സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തില്‍ നാശം വിതച്ചപ്പോള്‍ ഇന്ത്യക്കാര്‍ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യന്‍ സ്‌കൂളുകളില്‍ ക്യാമ്പ് ഒരുക്കുകയും 125 ബസില്‍ അമ്മാനില്‍ എത്തിക്കുകയുമായിരുന്നു. അവിടെ നിന്ന് എയര്‍ ഇന്ത്യ ഇടതടവില്ലാതെ ഇന്ത്യക്കാരെ കയറ്റിക്കൊണ്ടുപോയി.
കുവൈത്തിലും റാസല്‍ ഖൈമയിലുമായാണ് എയര്‍ലിഫ്റ്റ് ചിത്രീകരിച്ചത്. 30 കോടി രൂപയാണ് നിര്‍മാണച്ചെലവ്. രാജാമേനോന്‍ സംവിധാനം ചെയ്തു.
മലയാള മനോരമ, ദി ഗള്‍ഫ് ടുഡെ, ഖലീജ് ടൈംസ്, മലയാളം ന്യൂസ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ച അബ്ദുര്‍റബ് ഇപ്പോള്‍ ഷാര്‍ജ സ്വതന്ത്ര വ്യാപാര മേഖല ഓഫീസില്‍ മീഡിയ വിഭാഗത്തിലാണ്. തന്റെ റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് എയര്‍ലിഫ്റ്റ് എന്ന് തനിക്കറിയില്ലായിരുന്നുവെന്നും സിനിമ കണ്ടിട്ടില്ലെന്നും അബ്ദുര്‍റബ് പറഞ്ഞു.