Connect with us

International

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം: അയോവ കോക്കസിൽ ട്രംപിന് തോല്‍വി, ഹിലാരിക്ക് വിജയം

Published

|

Last Updated

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുള്ള ആദ്യ വോട്ടെടുപ്പില്‍ മുസ്ലിം വിരുദ്ധ പ്രസ്താവനയിലൂടെ വിവാദത്തിലകപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് പരാജയം. റിപ്ലബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ 28 ശതമാനം വോട്ടുകള്‍ നേടി ടെഡ് ക്രൂസ് വിജയിച്ചു. എട്ട് പ്രതിനിധികളാണ് ടെഡിനെ പിന്തുണച്ചത്. 24 ശതമാനം പേര്‍ (ഏഴ് വോട്ട്) മാത്രമാണ് ഡൊണാള്‍ഡ് ട്രെംപിനെ പിന്തുണച്ചത്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിക്കായുള്ള തിരഞ്ഞെടുപ്പില്‍ യുഎസ് മുന്‍ പ്രഥമ വനിത ഹിലാരി ക്ലിന്റന്‍ ഒരു വോട്ടിന്റെ പിന്‍ബലത്തില്‍ വിജയിച്ചു. ക്ലിന്റന് 22 പ്രതിനിധികളുടെ പിന്തുണ ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിരാളി ബെര്‍നി സാന്‍ഡേഴ്‌സിന് ലഭിച്ചത് 21 പേരുടെ പിന്തുണ. വോട്ടെടുപ്പ് 99 ശതമാനം പൂര്‍ത്തിയായപ്പോഴുള്ള ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ഇനി കാര്യമായ മാറ്റത്തിന് സാധ്യതയുണ്ടാകില്ലെന്ന് വിലയിരുത്തപ്പെടുന്നു.

മുസ്ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുതെന്ന ട്രംപിന്റെ പ്രസ്താവന വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളും ആഗോള രാജ്യങ്ങളും ട്രംപിനെതിരെ രംഗത്ത് വന്നു. എങ്കിലും മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ തുടര്‍ന്ന ട്രംപിന് ലഭിച്ച ആദ്യ തിരിച്ചടിയായി ഈ പരാജയം ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുഎസില്‍ റിപ്ലബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിന് നടത്തുന്ന ആദ്യ സമ്മേളനമായ അയോവ കോക്കസിലാണ് ട്രംപിന് കാലിടറിയത്. ഇരു പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആശയങ്ങളും പദ്ധതികളും അവതരിപ്പിച്ച് പ്രചാരണം നടത്തുന്ന സമ്മേളനങ്ങളാണ് പ്രൈമറി/കോക്കസ് എന്നറിയപ്പെടുന്നത്. അയോവ കോക്കസ് കഴിഞ്ഞാല്‍ മാര്‍ച്ച് ഒന്നിന് 14 സംസ്ഥാനങ്ങളിലെ പ്രൈമറി/കോക്കസ് നടക്കും. ജൂണ്‍ 14ന് ഇരു പാര്‍ട്ടികളുടെയും പ്രൈമറി/കോക്കസ് സമ്മേളനങ്ങള്‍ സമാപിക്കും.

Latest