കാരായിമാര്‍ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

Posted on: February 2, 2016 1:44 pm | Last updated: February 2, 2016 at 1:44 pm

karayiകൊച്ചി: ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തി വിചാരണ അട്ടിമറിക്കുമെന്ന് സിബിഐ ഹൈക്കോടതിയെ നേരത്തെ ബോധിപ്പിച്ചിരുന്നു. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കാരായിമാര്‍ നല്‍കിയ ഹരജിയില്‍ സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

കാരായി രാജനെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും കാരായി ചന്ദ്രശേഖരനെ തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുത്തതിനാല്‍ ഭരണനിര്‍വഹണത്തിനായി കണ്ണൂരിലേക്ക് പോകേണ്ടതുണ്ടെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നുമാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജാമ്യവ്യവസ്ഥയനുസരിച്ച് കണ്ണൂരിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിഞ്ഞാണ് ഇവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതെന്നും ജാമ്യവ്യവസ്ഥ മറികടക്കാനാണ് ഇവര്‍ മല്‍സരിച്ചതെന്നും സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.