ലീഗ് കോട്ടകളില്‍ കേരളയാത്രക്ക് ഉജ്ജ്വല സ്വീകരണം

Posted on: February 2, 2016 8:57 am | Last updated: February 2, 2016 at 8:57 am
SHARE

മലപ്പുറം: സൗഹൃദം, സമത്വം സമന്വയം എന്ന സന്ദശവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ വരവേല്‍പ്. രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്നായിരുന്നു ഇന്നലെ യാത്ര തുടങ്ങിയത്.
നൂറ് കണക്കിന് വരുന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ സ്വീകരണമേറ്റ് വാങ്ങി തുറന്ന വാഹനത്തിലായിരുന്നു വേദിയിലേക്ക് മന്ത്രിയെ ആനയിച്ചത്. പിന്നീട് രാമപുരം, മലപ്പുറം, വേങ്ങര, കുറ്റിപ്പുറം എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. ഇന്ന് പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തവനൂര്‍ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പൊന്നാനിയില്‍ സമാപിക്കും. സമയം തെറ്റിയോടിയ യാത്ര നേരത്തെ നിശ്ചയിച്ച സമയത്തില്‍ നിന്നും മാറി മണിക്കൂറുകള്‍ കഴിഞ്ഞാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്.
മലപ്പുറത്ത് വന്‍ ജനാവലിയാണ് സംഗമിച്ചത്. കുന്നുമ്മലില്‍ നിന്ന് തുറന്ന വാഹനത്തിലായിരുന്നു മലപ്പുറം കിഴക്കേതലയില്‍ ഒരുക്കിയ വേദിയിലേക്ക് കുഞ്ഞാലിക്കുട്ടി എത്തിയത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കരിമരുന്നും പടക്കവും പൊട്ടിച്ച് യാത്രാനായകനെ പ്രവര്‍ത്തകര്‍ വരവേറ്റു. വേങ്ങരയിലെ സ്വീകരണ കേന്ദ്രത്തിലേക്ക് കാരാത്തോട്ടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വീടിന് മുന്നില്‍ നിന്ന് സ്വീകരിച്ചാണ് കൊണ്ടു പോയത്. ബാന്റ് മേളങ്ങളുടെ പിന്നണിയോടെ മന്ത്രിയെ പിന്തുടര്‍ന്നത് നൂറ് കണക്കിന് പ്രവര്‍ത്തകരാണ്.
ഇ ടി മുഹമ്മദ് ബശീര്‍ എം പി, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, മന്ത്രി എം കെ മുനീര്‍, എം എല്‍ എമാരായ കെ എം ഷാജി, പി ഉബൈദുല്ല, അഡ്വ. ഷംസുദ്ദീന്‍, എം ഉമ്മര്‍, കെ മുഹമ്മദുണ്ണി ഹാജി, അബ്ദുസമദ് സമദാനി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവറലി ശിഹാബ് തങ്ങള്‍, അബ്ബാസലി തങ്ങള്‍, നൗശാദ് മണ്ണിശ്ശേരി, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here