രാജ്യത്ത് അസഹിഷ്ണുതയുടെ രാഷ്ട്രീയം ശക്തിപ്പെട്ടുവരുന്നു: കാനം

Posted on: February 2, 2016 8:56 am | Last updated: February 2, 2016 at 8:56 am
SHARE

മഞ്ചേരി: മതനിരപേക്ഷതയുടെ പ്രശ്‌നം ഇന്ന് രാജ്യം സജീവമായി ചര്‍ച്ച ചെയ്യുന്നത് വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ പശ്ചാത്തലത്തിലാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രക്ക് മഞ്ചേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം കഴിഞ്ഞ 19 മാസമായി അസഹിഷ്ണുതയുടെ രാഷ്ട്രീയം ശക്തിപ്പെട്ടു വരികയാണെന്ന് രാജ്യത്തെ രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസിലാക്കാനാകും. രക്തസാക്ഷി ദിനത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദിച്ച ഒരു വിഭാഗം ഇന്ത്യയിലുണ്ട്. ഇവരാണ് ജനങ്ങളുടെ മനസില്‍ വര്‍ഗീയതയുടെ വിഷം കുത്തിവെക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ അടക്കിവെച്ചിരുന്ന പല ആശയങ്ങളും മോദിയുടെ വിജയത്തോടെ പുറത്തു വന്നു തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്മ്യൂണിസ്റ്റുകാര്‍ ഒരു മതത്തിനും എതിരല്ല. നഗ്നനായ ഉമ്മന്‍ചാണ്ടി അധികാരമൊഴിയാത്തത് കാണ്ടാമൃഗത്തെ തോല്‍പ്പിക്കുന്ന തൊലിക്കട്ടിയുള്ളതിനാലാണ്. ഉമ്മന്‍ ചാണ്ടി ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ 14 മണിക്കൂര്‍ നേരം കൊണ്ട് നല്‍കിയ മൊഴികള്‍ പൂര്‍ണമായും കളവാണെന്ന് 12 മണിക്കൂറിനു ശേഷം വന്ന മറ്റൊരാളുടെ മൊഴിയിലൂടെ നാട്ടുകാര്‍ക്ക് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഇ അബ്ദുഹാജി അധ്യക്ഷത വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ മുല്ലക്കര രത്‌നാകരന്‍, ഡയറക്ടര്‍ സത്യന്‍ മൊകേരി, പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ടി ജെ ആഞ്ചലോസ്, കെ കെ അശ്‌റഫ്, വി വിനില്‍, പ്രൊഫ. പി ഗൗരി, അഡ്വ. പി പി ബാലകൃഷ്ണന്‍, കെ ബാബുരാജ്, കൃഷ്ണദാസ് രാജ, ഒ കെ തങ്ങള്‍, അഡ്വ. പി എം സഫറുല്ല പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here