ദേശീയ സ്‌കൂള്‍ മീറ്റില്‍ താരമായി ഓട്ടോ ഡ്രൈവര്‍ ജിനീഷും

Posted on: February 2, 2016 8:52 am | Last updated: February 2, 2016 at 8:52 am
SHARE

കോഴിക്കോട്: ദേശീയ സ്‌കൂള്‍ മീറ്റില്‍ താരമായി ഓട്ടോ ഡ്രൈവര്‍ ജിനീഷും. മത്സരിച്ചിട്ടല്ല ജിനീഷ് താരമായത്. സത്യസന്ധതയുടെയും നന്മയുടെയും പേരിലാണ്.
മീറ്റില്‍ പങ്കെടുക്കാനെത്തിയ ഗോവയുടെ മത്സരാര്‍ഥി നമീര്‍ ബ്രിട്ടോയും അമ്മ ഗ്ലണ്ടാ ബ്രിട്ടോയും പരിശീലനത്തിനായി മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലേക്ക് എത്തുന്നതിന് ജിനീഷിന്റെ ഓട്ടോ പിടിച്ചത്. സ്ഥനത്തെത്തിയ ഇവര്‍ ഇറങ്ങുമ്പോള്‍ സ്‌പൈക്ക്, ജേഴ്‌സി, ഫോണ്‍, ഡ്രസ്സ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയടങ്ങിയ ബാഗ് എടുക്കാന്‍ മറന്നു. ഉടന്‍ തന്നെ ഇവര്‍ ടീമിന്റെ ലെയ്‌സണ്‍ ഓഫീസര്‍ കാരന്തൂര്‍ സ്വദേശി ശഫീഖ് പി കെയുമായി ബന്ധപ്പെടുകയും ഇദ്ദേഹം മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പക്ഷെ അന്വേഷണത്തില്‍ ഫലമൊന്നുമണ്ടായില്ല.
എന്നാല്‍ രാത്രിയോടെ ഓട്ടോയുടെ ഡിക്കിയില്‍ ബേഗ് കണ്ട ജിനീഷ് ഉടന്‍ തന്നെ അത് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇത്രയും സത്യസന്ധമായ അനുഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്ന് ഗ്ലണ്ടാ ബ്രിട്ടോ പറഞ്ഞു. സത്യ സന്ധതക്ക് ഉപഹാരമായി ചെറിയൊരു തുകയും ഗ്ലണ്ട ജിനീഷിന് കൈമാറി. മീറ്റിന്റെ വേദിയില്‍ സത്യസന്ധതക്ക് ജിനീഷിനും ബാഗ് കണ്ടെത്താന്‍ വേണ്ടി എറെ സഹായിച്ച ഗോവ ടീമിന്റെ ലെയ്‌സണ്‍ ഓഫീസര്‍ ശഫീഖിനുമുള്ള ഉപഹാരം സംഘാടകര്‍ കൈമാറി.