മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കണം: ശ്രേയാംസ്‌കുമാര്‍

Posted on: February 2, 2016 5:10 am | Last updated: February 2, 2016 at 12:11 am
SHARE

കല്‍പ്പറ്റ: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ചെയ്യേണ്ടതെന്ന് എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍എ. പറഞ്ഞു. പുക്കോട് വെറ്ററിനറി യൂ നിവേഴ്‌സിറ്റിയില്‍ ആരംഭിച്ച റീജ്യനല്‍ എഷ്യന്‍ എലഫന്റ് ആന്‍ഡ് ടൈഗര്‍ വെറ്ററിനറി ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വന്യജീവികള്‍ക്ക് വനത്തില്‍ അവയുടെ ആവാസ വ്യവസ്ഥക്ക് ഭംഗം വരുമ്പോഴാണ് അവ നാട്ടിന്‍പുറങ്ങളിലിറങ്ങി നാശം വിതക്കുന്നത്. കേരളത്തില്‍ വനം വ്യാപകമായി കയ്യേറ്റത്തിനിരയായിട്ടുണ്ട്. ശേഷിക്കുന്ന വനങ്ങളില്‍ മരം കൊള്ളക്കാരും നായാട്ടുകാരും തമ്പടിക്കുന്നു. അതുകൊണ്ട് വനത്തിനു പുറത്തു കടക്കുന്ന വന്യജീവികള്‍ വിനാശകാരികളാവുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടതടക്കം 200 വന്യജീവി മനുഷ്യ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്ന് എം.എല്‍.എ. പറഞ്ഞു. കടുവയും ആനയും അന്യം നിന്നുകൊണ്ടിരിക്കുന്ന വന്യജീവി വര്‍ഗങ്ങളാണ്. കൃഷി നശിപ്പിക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന വന്യജീവികളെ ഉന്‍മൂലനം ചെയ്യണമെന്ന നിലപാട് ആശാസ്യകരമല്ല. വന്യജീവി ശല്യത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ മനസിലാക്കി ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍, ജനപ്രതിനിധികള്‍, വനപാലകര്‍, സന്നദ്ധ സംഘടനകള്‍, ഭൂവുടമകള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഇത് സാധിക്കുക.
എന്‍ജിന്‍ ഓയിലില്‍ മുളക് പൊടി ചേര്‍ത്ത് കയറില്‍ പുരട്ടി തോട്ടത്തിന്റെ അതിര്‍ത്തികളില്‍ വേലിയായി ഉപയോഗിക്കുന്നത് ആനകളെ പിന്തിരിപ്പിക്കാന്‍ സഹായകരമാണെന്ന് കെനിയയില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുള്ളുകളുള്ള മുളകള്‍ അതിരുകളില്‍ നട്ടുപിടിപ്പിച്ച് സ്വാഭാവിക മതില്‍ നിര്‍മിക്കുന്നതാണ് മറ്റൊന്ന്. ഇരുമ്പു തൂണുകള്‍ ഉപയോഗിച്ച് വനാതിര്‍ത്തികളില്‍ കമ്പിവേലി നിര്‍മിക്കുന്നതും ഫലപ്രദമാണ്. മനുഷ്യരുടെ കടന്നുകയറ്റം മൂലം നഷ്ടപ്പെട്ടുപോയ ആനത്താരകള്‍ പുനരുജ്ജീവിപ്പിക്കുകയാണ് മറ്റൊരു പോംവഴി. കടുവകളുടെ ആക്രമണം അവസാനിപ്പിക്കാന്‍ വൈദ്യുതി ഷോക്ക്, മാസ്‌ക്ക് ധരിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വന്യജീവികളുടെ ആവാസ വ്യവസ്ഥയുടെ ഭാഗമായ വനങ്ങളുടെ ഉള്ളില്‍ താമസിക്കുന്ന മനുഷ്യരെ വനത്തിനു പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഫലപ്രദമായ ഒരു രീതി. വയനാട്ടില്‍ ഇത്തരത്തിലുള്ള 191 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ബാക്കിയുള്ളവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ തുടരുന്നുണ്ട്. വെറ്ററിനറി സര്‍വകലാശാലയില്‍ ആരംഭിച്ച ശില്‍പശാലയില്‍ വന്യജീവികളും അവശ്യഘടമാണെന്ന വസ്തുത മനസിലാക്കി ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തി ഫലപ്രദമായി മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയട്ടെയെന്നും എം.എല്‍.എ. പറഞ്ഞു.
പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയില്‍ ഏഷ്യയിലെ ആനകളെയും കടുവകളെയും കുറിച്ചുള്ള ശില്പശാല (റീജണല്‍ ഏഷ്യന്‍ എലഫന്റ് ആന്റ് ടൈഗര്‍ വെറ്ററിനറി വര്‍ക്ക്‌ഷോപ്പ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേയാംസ്‌കുമാര്‍.
ശില്‍പശാല വ്യാഴാഴ്ച സമാപിക്കും. സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, പറമ്പികുളം ടൈഗര്‍ കണ്‍സര്‍വേഷന്‍! ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്നാണ് ശില്പശാല സംഘടിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ. കെ. ദേവത, ഡോ. കെ. വിജയകുമാര്‍, ഡോ. അരുണ്‍ സക്കറിയ, ലിന്റ റിഷ്‌നെയ്ഡര്‍, പി. ധനേഷ്!കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here