മേഴ്‌സിക്കുട്ടന്‍ പറയുന്നു ഭാമ്‌നെയാണ് താരം

Posted on: February 2, 2016 5:01 am | Last updated: February 2, 2016 at 12:02 am

BHAMNE THAI   (story photo)കോഴിക്കോട്: തായ് ഹിരാമന്‍ ഭാമ്‌നെ രാജ്യത്തിന്റെ കായിക ലോകത്ത് വരും നാളുകളില്‍ മുഴങ്ങികേള്‍ക്കാന്‍ പോകുന്ന പേരുകളില്‍ ഒന്നാണിത്. 61-ാമത് ദേശീയ സ്‌കൂള്‍ മീറ്റിന്റെ ഏറ്റവും വലിയ കണ്ടെത്തല്‍. പറയുന്നത് മറ്റാരുമല്ല കായിക രംഗത്ത് രാജ്യത്തിന്റെ അഭിമാനമായിരുന്ന ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടന്‍. മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തായ് ഭാംനയുടെ പ്രകടനം കണ്ട ഏതൊരാള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. പഠിക്കുന്നത് ആറാം ക്ലാസില്‍. സ്ഥലം മഹാരാഷ്ട്രയിലെ വ്യാവസായിക നഗരമായ നാസിക്.
സ്വന്തമായി കേറിക്കിടക്കാന്‍ പോലും ഒരു വീടില്ലാതെ ദരിദ്ര കര്‍ഷക കുടുംബത്തില്‍ ജനനം. പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും കോഴിക്കോടിന്റെ മണ്ണില്‍ ഈ കൊച്ചുമിടുക്കിയായിരുന്നു താരം.
തായ്‌യുടെ കുരുത്തിനെ നേരത്തെ തന്നെ മഹരാഷ്ട്ര ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി തന്നെയാണ് ഭാമ്‌നെയുടെ ഏറ്റവും വലിയ വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ നാസികിലെ കായിക പ്രേമികള്‍ ശ്രമം തുടങ്ങിയത്. ഇനി മഹാരാഷ്ട്ര സര്‍ക്കാറിനും ഈ ഉദ്യമത്തില്‍ ധൈര്യത്തോടെ പങ്കാളിയാകാം. അത്രക്കും അവിസ്മരണീയമായിരുന്നു ട്രാക്കില്‍ തായ് ഭാംമ്‌നെയുടെ പ്രകടനം. 600 മീറ്റര്‍ സബ്ജൂനിയര്‍ ഗേള്‍സില്‍ തായ് ഇന്നലെ മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ രണ്ട് ദിവസം മുമ്പ് നടന്ന 400 മീറ്ററിലെ പ്രകടനമായിരുന്നു എല്ലാവരുടെയും ഉള്ളില്‍. വലുപ്പത്തില്‍ തന്നേക്കാള്‍ വലിയവരായ എതിരാളികളെ ഒന്നൊന്നായി മറികടന്ന് വ്യക്തമായ ലീഡോടെ സ്വര്‍ണം നേടിയ ഓര്‍മ. 600 മീറ്റിലും ഇത് തന്നെ സംഭവിച്ചു.
600 മീറ്ററില്‍ തായ് ഫിനിഷ് ചെയ്യുമ്പോള്‍ പത്ത് മീറ്ററോളം പിന്നില്‍ വരെ എതിരാളികളാരും തന്നെയില്ലായിരുന്നു. മീറ്റ് റെക്കോര്‍ഡോടെയാണ് മഹാരാഷ്ട്ര നാസിക് ശിശുവിഹാര്‍ ബാലക് മന്ദിറിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്വര്‍ണത്തില്‍ മുത്തമിട്ടത്. 1.34.11 മിനുറ്റില്‍ ഓടിയെത്തിയ തായ്ക്ക് മുന്നില്‍ അഞ്ജന 2011 പൂനെ നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ സ്ഥാപിച്ച 1.35.67 മിനുറ്റിന്റെ റെക്കോര്‍ഡ് വഴിമാറി.
അമ്മൂമ്മക്കാപ്പം തെരുവോരത്ത് ഉറങ്ങാന്‍ വിധിക്കപ്പെട്ട തായ് ഭാമ്‌നെയിലെ പ്രതിഭ തിരിച്ചറിഞ്ഞ് കോച്ച് വിജേന്ദര്‍ സിംഗ് അവളുടെ ശ്രദ്ധ ട്രാക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു.
കോഴിക്കോട് നിന്നും രണ്ട് സ്വര്‍ണ പതക്കവുമായി മടങ്ങിയെത്തുന്ന കൊച്ചു തായ്ക്ക് വലിയ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതരും നാസികിലെ പ്രദേശിക ഭരണകൂടവും.