നൂതന ആശയ ആവിഷ്‌കാരത്തിനുള്ള പൊതു സേവന പുരസ്‌കാരം ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന്

Posted on: February 2, 2016 5:52 am | Last updated: February 1, 2016 at 11:52 pm

തിരുവനന്തപുരം: പൊതു സേവന രംഗത്തെ നൂതന ആശയ ആവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ 2014ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പൊതുജനസേവനത്തിനുള്ള പുരസ്‌കാരം ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിനും വികസന ആശയ ആവിഷ്‌കാരത്തിനുള്ള അവാര്‍ഡ് ജന്‍ഡര്‍പാര്‍ക്കിന്റെ ഷീ ടാക്‌സി സംരംഭത്തിനും പ്രൊസീഡറല്‍ ഇന്റര്‍വെന്‍ഷനുള്ള അവാര്‍ഡ് കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ആശ്രയക്കും ലഭിച്ചു.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ എം ജി) ഡയറക്ടര്‍ പി കെ മൊഹന്തിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പേഴ്‌സനല്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ ഇത്തവണ പുരസ്‌കാരങ്ങളില്ല. അഞ്ച് ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങിയതാണ് അവാര്‍ഡുകള്‍. നാളെ തിരുവനന്തപുരം ഐ എം ജിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ധനകാര്യവകുപ്പ് സെക്രട്ടറി കെ എം എബ്രഹാം അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
വീകേന്ദ്രീകരണ ആസൂത്രണ രംഗത്തെ വ്യത്യസ്തവും നൂതനവുമായ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതിനാണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം ലഭിച്ചത്. ഈ വിഭാഗത്തില്‍ 27 അപേക്ഷകളാണുണ്ടായിരുന്നത്. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, പൊതുകിണറുകള്‍ വൃത്തിയാക്കി സൂക്ഷിക്കല്‍, ഗ്യാസ് ചേമ്പറില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക ശ്മശാനം, മെബൈല്‍ മോര്‍ച്ചറി, ബസ് സ്റ്റാന്‍ഡും ഷോപ്പിംഗ് കോംപ്ലക്‌സും ഉള്‍പ്പെടെ സ്വന്തമായി ഓഫീസ് മന്ദിരം, സന്നദ്ധ സംഘടനകളുമായി ചേര്‍ന്നുള്ള വിവിധ പദ്ധതികള്‍, സാന്ത്വന ചികിത്സാ പദ്ധതികള്‍, മാലിന്യ സംസ്‌കരണ പദ്ധതി, പാര്‍പ്പിട പദ്ധതികള്‍, ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം നല്‍കിയതെന്ന് പി കെ മൊഹന്തി പറഞ്ഞു.