Connect with us

National

കാപു പ്രക്ഷോഭം: ആന്ധ്രയില്‍ കനത്ത സുരക്ഷ

Published

|

Last Updated

ഹൈദരാബാദ്: കാപു സമുദായത്തിന് പിന്നാക്ക പദവി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രാ പ്രദേശിലെ ഈസ്റ്റ് ഗോദാവരി, തുനി ജില്ലകളില്‍ നടന്ന പ്രക്ഷോഭം അക്രമാസക്തമായതിന് പിറകേ സംസ്ഥാനത്താകെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി. ജില്ലയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനിന് തീവെക്കുകയും പോലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും പോലീസ്, സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ആക്രമിക്കുകയും ചെയ്ത തുനി ജില്ലല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുകയാണ്.
സംഭവത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആളപായമുണ്ടായിട്ടില്ല. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അക്രമികള്‍ക്ക് നേരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ സശ്രദ്ധം വീക്ഷിച്ചു വരികയാണ്. അക്രമം വീണ്ടും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ പോലീസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിജയവാഡയില്‍ ചര്‍ച്ച നടത്തി. വിജയവാഡ- വിശാഖപ്പട്ടണം രത്‌നാഞ്ചല്‍ എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീവെച്ചതിനെ തുടര്‍ന്ന് ദക്ഷിണ മധ്യ റെയില്‍വേ ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
കര്‍ഷക സമുദായമായ കാപു ഇപ്പോള്‍ മുന്നോക്ക വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. മുന്‍ എം പിയും മന്ത്രിയുമായ മുദ്രഗഡ പത്‌നാഭത്തിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. കോണ്‍ഗ്രസിന്റെയും വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെയും പിന്തുണ സമരത്തിനുണ്ട്.
അതിനിടെ, സംവരണ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ താന്‍ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിക്കുമെന്ന് പത്മനാഭം പറഞ്ഞു. സര്‍ക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അക്രമ സംഭവങ്ങള്‍ കാപു സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചാലും നിരാഹാര സമരം തുടരുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടി ഡി പി നിയോഗിച്ച സാമൂഹിക വിരുദ്ധരാണ് സമരത്തിനിടെ അക്രമം അഴിച്ചു വിട്ടത്. പൊതു യോഗങ്ങള്‍ വിലക്കേര്‍പ്പെടുത്തി സമരം അടിച്ചമര്‍ത്താനാണ് ടി ഡി പി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍, മുദ്രഗഡ പത്‌നാഭം അക്രമത്തിന് ആഹ്വാനം നല്‍കുകയായിരുന്നുവെന്നും സമാധാനപരമായ സമരത്തിന് സര്‍ക്കാര്‍ ഒരിക്കലും എതിരല്ലെന്നും ഉപ മുഖ്യമന്ത്രി എന്‍ ചിന്ന രാജപ്പ പറഞ്ഞു.
1990കളില്‍ കെ വിജയഭാസ്‌കര്‍ റെഡ്ഡി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍, കാപുകള്‍ക്ക് സംവരണം നല്‍കുന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് അവ്യക്തമായിരുന്നു.
സമുദായത്തിന് ക്വാട്ട ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനത്തില്‍ നിന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പിന്നോട്ട് പോകില്ലെന്നും ചിന്ന രാജപ്പ പറഞ്ഞു. ഇക്കാര്യം പഠിക്കാന്‍ റിട്ട. ജഡ്ജിയെ അധ്യക്ഷനാക്കി കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.