എസ് എസ് എഫ് വിസ്ഡം ഹബ്ബ് നാടിന് സമര്‍പ്പിച്ചു

Posted on: February 2, 2016 5:31 am | Last updated: February 1, 2016 at 11:31 pm
SHARE

തിരൂര്‍: വിദ്യാഭ്യാസ രംഗത്ത് പുതിയ കുതിപ്പുകള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 6300 യൂനിറ്റുകളില്‍ എസ് എസ് എഫ് ആരംഭിക്കുന്ന വിസ്ഡം ഹബ്ബ് നാടിനു സമര്‍പ്പിച്ചു. വിദ്യാഭ്യാസ തൊഴില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായ സംരംഭങ്ങളുമായി വിസ്ഡം ഹബ്ബുകള്‍ നാടിന്റെ വികസന വിപ്ലവത്തിന് അരങ്ങൊരുക്കും. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ ഹാളിലെ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി അലിഗഢ് സര്‍വ്വകലാശാല മുന്‍ വി സി ഡോ. പി കെ അബ്ദുല്‍ അസീസ് വിസ്ഡം ഹബ്ബ് സമര്‍പ്പണം നടത്തി. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍ കുട്ടി മുഖ്യാതിഥിയായി. ആര്‍ പി ഹുസൈന്‍, എം അബ്ദുല്‍ മജീദ്, സി എന്‍ ജാഫര്‍, എം അബ്ദുര്‍ഹ്മാന്‍ പ്രസംഗിച്ചു. ഉപരി പഠനരംഗത്ത് രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ പഠനാവസരമൊരുക്കുക, സര്‍ക്കാര്‍, സര്‍ക്കാറിതര സംഘടനകള്‍ നല്‍കുന്ന ഗ്രാന്റുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് വിവരം നല്‍കുക, സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള തൊഴിലവസരങ്ങള്‍ അറിയിക്കുക, പഠന, തൊഴില്‍ മേഖലകളില്‍ അപേക്ഷകള്‍ നല്‍കാനുള്ള സൗകര്യമൊരുക്കുക, പരീക്ഷാ സംബന്ധ മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിസ്ഡം ഹബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here