Connect with us

Kerala

നിയമസഭാ ബജറ്റ് സമ്മേളനം ഈ മാസം അഞ്ച് മുതല്‍

Published

|

Last Updated

തിരുവനന്തപുരം: 13-ാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു. അഞ്ച് മുതല്‍ 25 വരെ 14 ദിവസമാണ് സഭ സമ്മേളിക്കുക. ബജറ്റ് അവതരണവും വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലുമാണ് സമ്മേളനത്തിന്റെ മുഖ്യഅജന്‍ഡ.
അഞ്ചിന് രാവിലെ ഒമ്പതിന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. എട്ടിന് രാവിലെ 8.30-ന് അന്തരിച്ച മുന്‍ സ്പീക്കര്‍ എ സി ജോസിന് ആദരാഞ്ജലി അര്‍പ്പിക്കും. ഒമ്പതിന് ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിക്കും. 12ന് രാവിലെ ഒമ്പതിന് 2015-16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപ ധനാഭ്യര്‍ഥനകളുടെ സ്റ്റേറ്റ്‌മെന്റ് മേശപ്പുറത്തുവെക്കലും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന്റേയും വോട്ട് ഓണ്‍ അക്കൗണ്ടിന്റെയും രേഖകള്‍ സമര്‍പ്പിക്കും. 2015 -16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും 15ന് നടക്കും.
16, 17, 18 തീയതികളില്‍ അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റിനെ കുറിച്ചുള്ള പൊതുചര്‍ച്ചയാണ്. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പും 22ന് നടക്കും. 24ന് 2015 – 16 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ സഭ പരിഗണിക്കും. 25ന് 2016-ലെ കേരള ധനവിനിയോഗ (വോട്ട് ഓണ്‍ അക്കൗണ്ട്) ബില്‍ പരിഗണിക്കും.
19ന് അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി നീക്കി വെച്ചിട്ടുണ്ട്. അന്ന് അംഗങ്ങളുടെ അനൗദ്യോഗിക ബില്ലുകള്‍ പരിഗണനക്ക് വരും. സഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍ സംബന്ധിച്ച തീരുമാനം എട്ടിന് ചേരുന്ന കാര്യോപദേശകസമിതി യോഗത്തില്‍ ഉണ്ടാകുമെന്നും സ്പീക്കര്‍ അറിയിച്ചു. പതിമൂന്നാം കേരള നിയമസഭയുടെ അവസാന സമ്മേളനമായിരിക്കും ഇതെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.

Latest