യുദ്ധക്കുറ്റം ചെയ്തവര്‍ക്ക് പൊതുമാപ്പ് നല്‍കില്ലെന്ന് യു എന്‍

Posted on: February 2, 2016 5:50 am | Last updated: February 1, 2016 at 11:03 pm
സെയ്ദ് റഅദ്       അല്‍ ഹുസൈന്‍
സെയ്ദ് റഅദ് അല്‍ ഹുസൈന്‍

ജനീവ: യുദ്ധക്കുറ്റം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നവര്‍ക്ക് പൊതുമാപ്പ് നല്‍കില്ലെന്ന് സിറിയന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനായി ജനീവയില്‍ നടക്കുന്ന ചര്‍ച്ചയില്‍ യു എന്‍ വ്യക്തമാക്കി. സിറിയക്കാരെ മനഃപൂര്‍വം പട്ടിണിക്കിട്ട നടപടി യുദ്ധക്കുറ്റവും മനുഷ്യത്വത്തിനെതിരായ ക്രിമിനല്‍കുറ്റവുമാണെന്നും ഇതിന് കാരണക്കാരായവര്‍ക്ക് ഒരു തരത്തിലുള്ള പൊതുമാപ്പും നല്‍കില്ലെന്നും സമാധാന ചര്‍ച്ചയുടെ ഭാഗമായി ധാരണയിലെത്തിയിട്ടുണ്ടെന്ന് യു എന്നിലെ ഉന്നത മനുഷ്യാവകാശ ഉദ്യോഗസ്ഥനായ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തവര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ അനുവദിക്കില്ലെന്ന് തങ്ങള്‍ എല്ലാവരേയും ഓര്‍മപ്പെടുത്തുകയാണെന്ന് ഹുസൈന്‍ ജനീവയില്‍ പറഞ്ഞു. മദായയിലെയും രാജ്യത്തെ മറ്റ് 15 നഗരങ്ങളിലേയും ജനങ്ങള്‍ പട്ടിണികൊണ്ട് വലയുന്നത് സൂചിപ്പിച്ചുകൊണ്ടാണ് ഹുസൈന്‍ ഇക്കാര്യം പറഞ്ഞത്. ലബനാന്‍ അതിര്‍ത്തിക്കടുത്ത് വിമതരുടെ നിയന്ത്രണത്തിലുള്ള മദായയിലെ താമസക്കാര്‍ പട്ടിണികൊണ്ട് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടത്തുകാരായ 320 പേര്‍ക്ക് അടിയന്തരമായി പോഷകാഹാരം എത്തിക്കേണ്ടതുണ്ടെന്നും അടിയന്തര ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ 33 പേര്‍ ഉടന്‍ മരണത്തിന് കീഴടങ്ങുമെന്നും സംഘം പറഞ്ഞിരുന്നു. സിറിയന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് ജനീവയില്‍ യു എന്നിന്റെ നേതൃത്വത്തില്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ചകള്‍ തുടരുകയാണ്. സിറിയന്‍ യുദ്ധത്തില്‍ ഇതുവരെ ഏകദേശം രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് പേര്‍ വീട് വിട്ട് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിട്ടുണ്ട്.