Connect with us

Kasargod

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കി; ആശുപത്രികള്‍ സ്തംഭിച്ചു

Published

|

Last Updated

കാഞ്ഞങ്ങാട്: ജില്ലയില്‍ ഇന്നലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കി. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ലൈസമ്മ മാത്യുവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സൂചനാപണിമുടക്ക് നടത്തിയത്.
കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു സമരം. ജില്ലാ-ജനറല്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ഇന്നലെ ഡോക്ടര്‍മാരൊന്നും ഡ്യൂട്ടിക്കെത്തിയില്ല. ജനുവരി 18നാണ് ലൈസമ്മ മാത്യുവിന്റെ വീട്ടില്‍ അക്രമമുണ്ടായത്.
ആശുപത്രി സംരക്ഷണനിയമപ്രകാരം സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തുവെങ്കിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇനിയും കാലതാമസം ഉണ്ടായാല്‍ അനിശ്ചിതകാലസമരത്തിലേക്ക് നീങ്ങുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതോടെ രോഗികള്‍ കടുത്ത ദുരിതത്തിലാണ്. നിര്‍ധനകുടുംബങ്ങളിലെ രോഗികള്‍ക്ക് ഭീമമായ പണം നല്‍കി സ്വകാര്യാശുപത്രികളെ ചികിത്സയ്ക്ക് ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
ഗൈനക്കോളജിസ്റ്റിനെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

Latest