വെളിപ്പെടുത്തലുകള്‍ ചൂത് രാഷ്ട്രീയം മാത്രം: മന്ത്രി കുഞ്ഞാലിക്കുട്ടി

Posted on: February 1, 2016 11:56 pm | Last updated: February 1, 2016 at 11:56 pm
മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക്  മലപ്പുറത്ത് സ്വീകരണം നല്‍കിയപ്പോള്‍
മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക്
മലപ്പുറത്ത് സ്വീകരണം നല്‍കിയപ്പോള്‍

മലപ്പുറം: ഇപ്പോള്‍ നടക്കുന്ന വെളിപ്പെടുത്തലുകള്‍ ചൂതുകളി രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണെന്നും ഇതിന്റെ പിറകെ പോയാല്‍ കാര്യങ്ങള്‍ എവിടെയത്തെുമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേരള യാത്രക്കിടെ മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ പ്രതിപക്ഷത്തേക്കും ഭരണപക്ഷത്തേക്കും നോക്കി ഓരോ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ്. സ്വാഭാവികമായും ഇത് കുറച്ച് ദിവസത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുമെങ്കിലും ഇതുകൊണ്ട് യാതൊരു ഗുണവുമില്ല. മുസ്‌ലിം ലീഗിന്റെത് ഉള്‍പ്പെടെയുള്ള ജാഥകള്‍ തിരുവനന്തപുരത്തേക്ക് നീങ്ങുകയാണ്. എന്നാല്‍ ഇതിനിടെ ആകാശത്ത് നിന്നും വെളിപാടുകള്‍ വീഴുന്നു. സി പി എം അടക്കമുള്ളവര്‍ അവരുടെ ജാഥയില്‍ പറയുന്ന കാര്യങ്ങള്‍ക്കൊന്നും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നില്ല. പ്രധാനമന്ത്രി നാളെ കേരളത്തിലെത്തുകയാണ്. അതിനു പോലും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നില്ല. നാല് ദിവസം മുമ്പുണ്ടായ വെളിപ്പെടുത്തലുകള്‍ എന്താണെന്നുപോലും ഓര്‍മയില്ല. ഇങ്ങനെ അല്‍പായുസ്സുള്ളതാണ് ഈ വെളിപ്പെടുത്തലുകളെല്ലാം. ഇതിന് ജനം യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത്തരം കാര്യങ്ങള്‍ക്ക് പാര്‍ട്ടി അമിത പ്രാധാന്യം കൊടുക്കുന്നില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്തുണ്ടായ യു ഡി എഫിലെ മുഴുവന്‍ പ്രശ്‌നങ്ങളും കേരള യാത്രയോടെ അവസാനിക്കും. എല്ലായിടത്തും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ജാഥക്ക് നല്ല പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ വക്താവ് ഇ ടി മുഹമ്മദ് ബശീര്‍, സാദിഖലി ശിഹാബ് തങ്ങള്‍, മന്ത്രി എം കെ മുനീര്‍ എന്നിവരും മീറ്റ് ദ പ്രസില്‍ പങ്കെടുത്തു.