ദേശീയ സ്‌കൂള്‍ മീറ്റ്: പത്തൊന്‍പതാം കിരീടം ഉറപ്പിച്ച് കേരളം കുതിപ്പ് തുടരുന്നു

Posted on: February 1, 2016 8:38 pm | Last updated: February 1, 2016 at 11:22 pm
SHARE
സീനിയര്‍ ബോയ്‌സ് അയ്യായിരം മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ തോമസ് എബ്രഹാം     ചിത്രം: ശിഹാബ് പള്ളിക്കല്‍
സീനിയര്‍ ബോയ്‌സ് അയ്യായിരം മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ കേരളത്തിന്റെ തോമസ് എബ്രഹാം
ചിത്രം: ശിഹാബ് പള്ളിക്കല്‍

കോഴിക്കോട്:നിരവധി താരങ്ങള്‍ ഉദിച്ചുയര്‍ന്ന 61ാമത് ദേശീയ സ്‌കൂള്‍ മീറ്റിന് ഇന്ന് കൊടിയിറക്കം. ആകെയുള്ള 95 മത്സരങ്ങളില്‍ 66 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യത്തോടെ മെഡലുകള്‍ വാരിക്കൂട്ടിയ കേരളം തന്നെ കിരീടത്തില്‍ മുത്തമിടുമെന്ന കാര്യം ഉറപ്പായി. കേരളത്തിന്റെ 19ാം ദേശീയ കിരീടത്തിനാകും ഇന്ന് സ്വന്തം തട്ടകം സാക്ഷ്യം വഹിക്കുക.
28 സ്വര്‍ണവും 18 വെള്ളിയും 11 വെങ്കലവുമടക്കം 220 പോയിന്റുമായി കേരളം ബഹുദൂരം മുന്നിലാണ്. ആറ് സ്വര്‍ണവും എട്ട് വെള്ളിയും പത്ത് വെങ്കലവുമടക്കം 73 പോയിന്റ് മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്കുള്ളത്. എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് കേരളം ഇന്നലെ വാരിയത്.
നാല് മീറ്റ് റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്. ഇതില്‍ ഒന്നുപോലും കേരളത്തിന് നേടാന്‍ കഴിഞ്ഞില്ല. സബ്ജൂനിയര്‍ ബോയ്‌സ് ലോംഗ് ജമ്പില്‍ ഡല്‍ഹിയുടെ ദേവേശ്, ജൂനിയര്‍ ഗേള്‍സ് ഹാമര്‍ത്രോയില്‍ ഡല്‍ഹിയുടെ അര്‍ഷിദ സെഹ്‌റാവത്, സീനിയര്‍ ഗേള്‍സ് ഹൈജമ്പില്‍ ഡല്‍ഹിയുടെ തന്നെ വന്‍ഷിക സെജ്‌വാല്‍, സബ്ജൂനിയര്‍ ഗേള്‍സ് 600 മീറ്ററില്‍ മഹാരാഷ്ട്രയുടെ ഭാംനെ തായ് എന്നിവരാണ് ദേശീയ റെക്കോര്‍ഡുകള്‍ കുറിച്ചത്. മേളയിലെ ഗ്ലാമര്‍ ഇനവും കേരളത്തിന്റെ കുത്തകയുമായിരുന്ന 4*400 മീറ്റര്‍ റിലേയില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇത്തവണ ആതിഥേയര്‍ക്ക് കഴിഞ്ഞില്ല.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ സ്വര്‍ണം നേടിയ ലിസബത്ത് കരോളിന്‍ ജോസഫ്, 400 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയ പി ഒ സയാന, ജൂനിയര്‍ ബോയ്‌സ് ലോംഗ്ജമ്പില്‍ സ്വര്‍ണം നേടിയ എം കെ ശ്രീനാഥ് എന്നിവരാണ് കേരളത്തിനായി ഇന്നലെ ശ്രദ്ധേയമായ പ്രകടനം നടത്തിയത്. മേളയുടെ താരമാകാനുള്ള മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടിയ ലിസ്ബത്ത് കരോളില്‍ ജോസഫ്, അനുമോള്‍ തമ്പി, വിപിന്‍ ജോര്‍ജ് എന്നിവരാണ് മുന്നിട്ടുനില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here