അറബ് രാഷ്ട്രങ്ങളില്‍ ആറാം റാങ്ക് ഖത്വര്‍ യൂനിവേഴ്‌സിറ്റിക്ക്‌

Posted on: February 1, 2016 8:09 pm | Last updated: February 4, 2016 at 7:10 pm
SHARE

qatar universityദോഹ: മികച്ച അറബ് യൂനിവേഴ്‌സിറ്റികളില്‍ ഖത്വര്‍ യൂനിവേഴ്‌സിറ്റിക്ക് ആറാം റാങ്ക്. ടൈംസ് ഹയര്‍ എജുക്കേഷന്‍ (ദി) ആണ് പഠനം നടത്തിയത്. മികച്ച 15 അറബ് യൂനിവേഴ്‌സിറ്റികളെ കണ്ടെത്താനായിരുന്നു പഠനം. ഖത്വറിന് പുറമെ സഊദി അറേബ്യ, ലെബനോന്‍, യു എ ഇ, ഒമാന്‍, ജോര്‍ദാന്‍, ഈജിപ്ത്, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ യൂനിവേഴ്‌സിറ്റികളെയാണ് പരിഗണിച്ചത്.
മറ്റ് റാങ്കിംഗ് മാദണ്ഡങ്ങള്‍ അനുസരിച്ചുള്ള 13 തരം പ്രകടനങ്ങളാണ് അവാര്‍ഡ് നിര്‍ണയത്തിന്റെ അടിസ്ഥാനം. അറബ് ലീഗിലെ 22 അംഗരാഷ്ട്രങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ യോഗ്യത. അധ്യാപന മികവിന് ഒപ്പം ഗവേഷണ പരിപാടികളും മെച്ചപ്പെടുത്തി മേഖലാ, അന്താരാഷ്ട്രതലങ്ങളില്‍ മികച്ച നിലവാരം കാത്തുസൂക്ഷിക്കാന്‍ ഖത്വര്‍ യൂനിവേഴ്‌സിറ്റിക്ക് സാധിച്ചെന്ന് ക്യു യു വൈസ് പ്രസിഡന്റും ചീഫ് അക്കാദമിക് ഓഫീസറുമായ ഡോ. മാസന്‍ ഹസ്‌ന പറഞ്ഞു. അക്കാദമിക് പ്രോഗ്രാമിന്റെയും ഫാക്ക്വല്‍റ്റിമാരുടെയും നിലവാരത്തിനുള്ള സൂചിക കൂടിയാണ് പുതിയ റാങ്ക്. വര്‍ഷങ്ങളായി തങ്ങള്‍ രൂപപ്പെടുത്തിയ പ്രതിച്ഛായയുടെ പ്രതിഫലനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകത്തെ ശക്തമായ യൂനിവേഴ്‌സിറ്റി സംവിധാനത്തിലേക്ക് വെളിച്ചം വീശലാണ് മികച്ച 15 അറബ് യൂനിവേഴ്‌സിറ്റികളെന്ന് ദ വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിംഗ് എഡിറ്റര്‍ ഫില്‍ ബാതി പറഞ്ഞു. മേഖലയിലെ യൂനിവേഴ്‌സിറ്റികളുടെ റാങ്കിംഗിനെ സംബന്ധിച്ച വിശാല ചര്‍ച്ചയിലേക്ക് കൂടി ഇത് സൂചന നല്‍കുന്നുണ്ട്. മേഖലാതല മുന്‍ഗണനകളും പ്രത്യേകതകളും മുന്‍നിര്‍ത്തി മികച്ച മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. യു എ ഇയില്‍ ഈയാഴ്ച നടക്കുന്ന മിന യൂനിവേഴ്‌സിറ്റീസ് സമ്മിറ്റിലെ പ്രധാന ചര്‍ച്ചാ വിഷയം ഇതായിരിക്കുമെന്നും ഫില്‍ ബാതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here