അശ്ഹരിയ്യ: ഇരുപതിന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും

Posted on: February 1, 2016 6:54 pm | Last updated: February 1, 2016 at 6:54 pm
ചേരാനല്ലൂര്‍ ജാമിഅഃ അശ്അരിയ്യഃ ഇസ്‌ലാമിയ്യ ജനറല്‍ സെക്രട്ടറി വി എച്ച് അലിദാരിമി  ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍. ഷാജഹാന്‍ സഖാഫി, അബ്ദുസ്സലാം സഖാഫി സമീപം
ചേരാനല്ലൂര്‍ ജാമിഅഃ അശ്അരിയ്യഃ ഇസ്‌ലാമിയ്യ ജനറല്‍ സെക്രട്ടറി വി എച്ച് അലിദാരിമി
ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍. ഷാജഹാന്‍ സഖാഫി, അബ്ദുസ്സലാം സഖാഫി സമീപം

ദുബൈ: വിശാല കൊച്ചിയില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്തെ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എറണാകുളം ഇടപ്പള്ളി ചേരാനല്ലൂര്‍ ജാമിഅഃ അശ്അരിയ്യഃ ഇസ്‌ലാമിയ്യ 20-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 7,8,9,10 തീയതികളില്‍ ഇടപ്പള്ളി ചേരാനല്ലൂര്‍ ഇമാം അശ്അരി സ്‌ക്വയറില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി വി എച്ച് അലിദാരിമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നിര്‍ധനരായ 20 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം, കുടിവെള്ള ക്ഷാമം നേരിടുന്ന 20 കേന്ദ്രങ്ങളില്‍ കിണറുകളുടെ നിര്‍മാണം, 20 നിത്യ രോഗികളുടെ പൂര്‍ണ ചികിത്സാ ചിലവ്, 20 നിര്‍ധനര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി തുടങ്ങിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. കോളജ് ഓഫ് ഇസ്‌ലാമിക് ശരീഅഃ, കോളജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വ, അശ്അരിയ്യഃ ഹിഫഌല്‍ ഖുര്‍ആന്‍ കോളജ്, ബോര്‍ഡിംഗ് മദ്‌റസ, അനാഥ അഗതി മന്ദിരം, റാബിഅഃ വുമന്‍സ് കോളജ്, ഖൈറുല്‍ വറ വുമന്‍സ് ഹിഫഌല്‍ ഖുര്‍ആന്‍ ആന്റ് തര്‍ബിയത്ത് കോളജ് തുടങ്ങിയ പത്തിലധികം വിവിധ സ്ഥാപന സംരംഭങ്ങള്‍ക്ക് അശ്അരിയ്യ നേതൃത്വം നല്‍കുന്നു.
സമ്മേളനത്തിന്റെ യു എ ഇ തല പ്രചരണോദ്ഘാടനം ഫെബ്രുവരി നാല് (വ്യാഴം) വൈകീട്ട് ആറിന് ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാം മഓഡിറ്റോറിയത്തില്‍ നടക്കും. ഐ സി എഫ്, ആര്‍ എസ് സി ഭാരവാഹികള്‍ക്കു പുറമെ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും.
സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി എല്ലാ വിധ സഹായ സഹകരണങ്ങളും നല്‍കണമെന്ന് നേതാക്കള്‍ അഭ്യര്‍ഥിച്ചു. അശ്അരിയ്യഃ ദഅ്‌വാ ഡയറക്ടര്‍ കെ എസ് എം ഷാജഹാന്‍ സഖാഫി കാക്കനാട്, ജാമിഅ മര്‍കസ് പബ്ലിക് റിലേഷന്‍ മാനേജര്‍ അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ദിലീപ് ഇബ്‌റാഹീം ദുബൈ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.