ഉമ്മു സൂഖീം, അല്‍ ഖുദ്‌റ റോഡുകളില്‍ വേഗപരിധി വര്‍ധിപ്പിച്ചു

Posted on: February 1, 2016 2:36 pm | Last updated: February 1, 2016 at 2:36 pm

dubai roadദുബൈ:ഉമ്മു സൂഖീം, അല്‍ ഖുദ്‌റ റോഡുകളില്‍ വേഗപരിധി ഉയര്‍ത്തുമെന്ന് ആര്‍ ടി എ അറിയിച്ചു. അല്‍ സുഫൂഹ് റോഡ് മുതല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്‌വരെ (ഉമ്മു സുഖീം റോഡ്) മുഴുവനായും ഫെബ്രുവരി ആറ് മുതല്‍ വേഗപരിധി വര്‍ധിക്കുമെന്ന് ആര്‍ ടി എ സി ഇ ഒ മൈത ബിന്‍ അദിയ്യ് പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് എമിറേറ്റ്‌സ് റോഡ് വരെ അല്‍ ഖുദ്‌റ റോഡിലും വേഗപരിധി വര്‍ധിക്കും.
രണ്ടിടത്തും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗമാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ മണിക്കൂറില്‍ 80 കിലോമീറ്ററാണ്. അതേ സമയം, എമിറേറ്റ്‌സ് റോഡ് മുതല്‍ സീഹ് അസ്സലാം റൗണ്ട് എബൗട്ട് വരെയുള്ള ഭാഗങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി വര്‍ധിക്കും. സ്പീഡ് മാനേജ്‌മെന്റ് മാന്വല്‍ അനുസരിച്ചാണ് ഉമ്മു സുഖീമിലും അല്‍ ഖുദ്‌റയിലും വേഗം കൂട്ടുന്നത്. രാജ്യാന്തര നിലവാരത്തിലേക്ക് റോഡ് എത്തിയിട്ടുണ്ട്. ഇവിടെ ഗതാഗത ഒഴുക്കും പരമാവധി വേഗവും പഠന വിധേയമാക്കി.
അതേസമയം അമിത വേഗതയുടെ അപകടങ്ങളും കണക്കിലെടുത്തിട്ടുണ്ട്. ആര്‍ ടി എ ഇത് സംബന്ധിച്ച് വിശദമായ പഠനമാണ് നടത്തിയത്.
ഈ പ്രദേശത്തെ നഗരവത്കരണം, കാല്‍നടയാത്രക്കാരുടെ ചലനം, മറ്റ് സൗകര്യങ്ങള്‍, അപകടങ്ങളുടെ തോത് ഇവയെല്ലാം കണക്കിലെടുത്തു. ഈ ഭാഗങ്ങളില്‍ റഡാര്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ അവസ്ഥക്ക് അനുസൃതമായാണ് മറ്റു സ്ഥലങ്ങളിലും വേഗപരിധി നിശ്ചയിക്കുന്നതെന്ന് മൈത ബിന്‍ അദിയ്യ് വ്യക്തമാക്കി.