Connect with us

Kerala

ചെന്നിത്തലയ്ക്ക് രണ്ട് കോടിയും വിഎസ് ശിവകുമാറിന് 25 ലക്ഷവും നല്‍കി: ബിജു രമേശ്‌

Published

|

Last Updated

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനുമെതിരെ കോഴയാരോപണവുമായി ബിജു രമേശ്. ചെന്നിത്തലയ്ക്കു രണ്ടുകോടി രൂപയും ശിവകുമാറിനു 25 ലക്ഷം രൂപ നല്‍കിയെന്നുമാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് പണം നല്‍കിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയത്. ചെന്നിത്തല നേരിട്ടാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് പറഞ്ഞു. എന്നാല്‍ പണം നല്‍കിയത് ബാറുകള്‍ പൂട്ടാതിരിക്കാനല്ലെന്നും ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാനാണെന്നും ലൈസന്‍സ് ഫീ രണ്ട് വര്‍ഷം കൂട്ടാതിരുന്നത് കെപിസിസിയ്ക്ക് പണം നല്‍കിയതിനാണെന്നും ബിജു രമേശ് പറഞ്ഞു.

മന്ത്രി വി.എസ്. ശിവകുമാറിനു പണം നല്‍കിയത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു മുമ്പാണ്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ വാസുവാണ് പണം കൈപ്പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയതിനു രസീതോ മറ്റു രേഖകളോ നല്‍കിയിട്ടില്ലെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം, കോഴയാരോപണം നിഷേധിച്ച് വി.എസ്. ശിവകുമാര്‍ രംഗത്തെത്തി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന തനിക്കു ഇതുമായി യാതൊരു ബന്ധവുമില്ല. 2013നു ശേഷമാണ് ബാര്‍കോഴ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്നതു 2012ലാണ്. നിയമസഭയില്‍ ഇക്കാര്യത്തില്‍ നേരത്തെ വിശദീകരണം നല്‍കിയിട്ടുള്ളതാണെന്നും ശിവകുമാര്‍ പറഞ്ഞു.
ആരോപണം രമേശ് ചെന്നിത്തലയും നിഷേധിച്ചു. രസീത് നല്‍കാതെ കെപിസിസി ആരില്‍ നിന്നും പണം വാങ്ങാറില്ലെന്നും കെപിസിസി കിട്ടിയ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാറുണ്ടെന്നും കൃത്യമായ കണക്കുകള്‍ എഐസിസിയ്ക്ക് നല്‍കാറുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.