തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോള്‍ സെന്റര്‍

Posted on: February 1, 2016 10:58 am | Last updated: February 1, 2016 at 10:58 am
SHARE

CALL CENTERതിരുവനന്തപുരം: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പൊതുജനങ്ങള്‍ക്ക് 180042555214, 155214 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും സംശയങ്ങള്‍ക്കും പരിഹാരം തേടാം. പരാതികള്‍ കോള്‍ സെന്ററില്‍ സ്വീകരിച്ച് പ്രാഥമിക വിവരങ്ങള്‍ രേഖപ്പെടുത്തുകയും ടോക്കണ്‍ നമ്പര്‍ എസ് എം എസ് ആയി നല്‍കുകയും ചെയ്യും. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരാതിക്കാരെ ഫോണില്‍ വിളിച്ച് മറുപടി നല്‍കുകയും അടിയന്തര നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുകയും ചെയ്യും. ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ എസ് എം എസ് വഴി നല്‍കുമെന്നതിനാല്‍ പരാതി സംബന്ധിച്ച തുടര്‍ അന്വഷണങ്ങള്‍ക്ക് വീണ്ടും കോള്‍ സെന്ററില്‍ വിളിക്കേണ്ടിവരില്ല.

മിനിമം വേതനം, നിയമനക്കത്ത് തുടങ്ങിയവ നല്‍കാതിരിക്കല്‍, വിടുതല്‍ ചെയ്യുമ്പോഴോ ജോലി രാജിവെക്കുന്ന അവസരങ്ങളിലോ തൊഴിലാളി ആവശ്യപ്പെട്ട് ഏഴ് ദിവസങ്ങള്‍ക്കുളളില്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കേറ്റ് നല്‍കാതിരിക്കല്‍, വിശ്രമത്തിനായി തൊഴിലിടങ്ങളില്‍ സൗകര്യങ്ങള്‍ ക്രമീകരിക്കാതിരിക്കല്‍, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിനും പരിപാലിക്കുന്നതിനും തൊഴിലിടങ്ങളില്‍ സൗകര്യമൊരുക്കാതിരിക്കല്‍ എന്നിവ സംബന്ധിച്ച് പരാതികള്‍ നല്‍കാം.
മിനിമം വേതനം ഉറപ്പുവരുത്തുന്നതിന് വേതനം ബേങ്ക് അക്കൗണ്ട് വഴി ലഭ്യമാക്കുന്ന വേതന സുരക്ഷാപദ്ധതിക്കായി പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ തൊഴില്‍ വകുപ്പ് തയാറാക്കിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ കരാറിലേര്‍പ്പെട്ടിട്ടുളള ബേങ്കുകളില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ നിയമപരമായി നിര്‍ബന്ധമായ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതോടെ തൊഴിലാളിക്ക് അര്‍ഹതപ്പെട്ട വേതനവും മറ്റ് ആനുകൂല്യങ്ങളും അവരവരുടെ അക്കൗണ്ടുകള്‍ വഴി ലഭ്യമാകും.
ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, ലാബുകള്‍, സ്‌കാനിംഗ് സെന്ററുകള്‍, വന്‍കിട ഹോട്ടലുകള്‍, സെക്യൂരിറ്റി സര്‍വീസുകള്‍, സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നോണ്‍ ടീച്ചിംഗ് വിഭാഗം, കടകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.