ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ഇന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും

Posted on: February 1, 2016 10:23 am | Last updated: February 1, 2016 at 10:23 am

rohith vemulaഹൈദരാബാദ്: ദളിത് ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തെത്തുടര്‍ന്ന് അടച്ചിട്ട ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ ഇന്ന് ക്ലാസ് തുടങ്ങുമെന്നു വൈസ് ചാന്‍സലറുടെ ചുമതലയുള്ള എം. പെരിയസാമി അറിയിച്ചു. സമരത്തിനു നേതൃത്വം നല്‍കുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ജസ്റ്റീസ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അടച്ചിട്ട യൂണിവേഴ്‌സിറ്റി തുറക്കാന്‍ ധാരണയായതെന്ന് വിസി പറഞ്ഞു.

രോഹതിന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുക, വിസിയെ പുറത്താക്കുക തുടങ്ങി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും എന്നാല്‍ ക്ലാസുകള്‍ തടയില്ലെന്നും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ജസ്റ്റീസ് പ്രതിനിധികള്‍ അറിയിച്ചു.

രോഹിതിനൊപ്പം സസ്പന്‍ഷനിലായ മറ്റു നാലു വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള നടപടികള്‍ പിന്‍വലിക്കണമെന്നാണ് ജെഎസി പ്രതിനിധികള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് മാത്രമാണ് സര്‍വകലാശാല അധികൃതര്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. അതിനിടെ രോഹിത് ദളിതനെല്ലെന്ന പരാമര്‍ശം നടത്തിയ കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമസ്വരാജിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രോഹിതിനെ അപമാനിക്കുന്ന പ്രസ്താവനകള്‍ നികന്ചരം നടത്തുന്ന ബിജപിക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രോഹിതിന്റെ മരണത്തെത്തുടര്‍ന്ന് ജനുവരി 17 മുതലാണ് സര്‍വകലാശാല അടപ്പിച്ചുകൊണ്ട് സമരാനുകൂലികള്‍ പ്രതിഷേധം തുടങ്ങിയത്.