ബാബു ഇന്ന് വീണ്ടും മന്ത്രിക്കസേരയിലേക്ക്

Posted on: February 1, 2016 10:13 am | Last updated: February 1, 2016 at 11:55 am

k babu-തിരുവനന്തപുരം: രാജി പിന്‍വലിച്ച സാഹചര്യത്തില്‍, കെ. ബാബു ഇന്ന് മന്ത്രിക്കസേരയിലേക്ക് മടങ്ങും. മന്ത്രിസ്ഥാനത്തുനിന്നുള്ള രാജി മുഖ്യമന്ത്രി നിരസിക്കുകയും മന്ത്രിസഭയിലേക്കു തിരിച്ചെത്താന്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ കെ ബാബു ഇന്ന് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തും. ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഔദ്യോഗിക ജോലികളിലേക്ക് പ്രവേശിക്കുക.

കെ ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍, വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി തള്ളിയതോടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം തിരിച്ചേല്‍പ്പിച്ച അദ്ദേഹം എം എല്‍ എ ക്വാട്ടേഴ്‌സില്‍ മുറിക്കായി അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍, മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്നലെ രാത്രി വൈകി തലസ്ഥാനത്തേക്കു മടങ്ങിയെത്തിയ അദ്ദേഹം ഇന്ന് മുതല്‍ മന്ത്രി എന്ന നിലയിലുള്ള ചുമതലകളില്‍ വ്യാപൃതനാകും.

മന്ത്രിസഭയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ചയാളല്ല താനെന്നും എന്നാല്‍ യു.ഡി.എഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും വിധേയനായി പ്രവര്‍ത്തിക്കുന്ന തന്റെ വ്യക്തിപരമായ തീരുമാനത്തിന് പ്രസക്തിയില്ലെന്നും ബാബു പ്രതികരിച്ചു.