കാപു സംവരണം: ആന്ധ്രയില്‍ പ്രക്ഷോഭം അക്രമാസക്തം

Posted on: February 1, 2016 9:03 am | Last updated: February 1, 2016 at 11:13 am
SHARE

kapuഹൈദരാബാദ്: സംവരണം ആവശ്യപ്പെട്ട് ആന്ധ്രപ്രദേശിലെ ടുനി നഗരത്തില്‍ കാപു സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭം അക്രമത്തില്‍ കലാശിച്ചു. ദേശീയപാത 16 ഉപരോധിച്ച സമരക്കാര്‍ പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും എട്ട് ട്രെയിന്‍ ബോഗികള്‍ക്കും തീവെച്ചു. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. സമ്മേളനം പെട്ടെന്ന് കലാപാന്തരീക്ഷത്തിലേക്ക് മാറുകയായിരുന്നു.

കാപുസമുദായത്തെ പിന്നാക്ക സമുദായമായി പരിഗണിക്കണമെന്നും സംവരണം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ മുന്‍മന്ത്രിയും കാപു സമുദായ നേതാവുമായ മുദ്രഗദ പത്മനാഭ് നേതൃത്വം നല്‍കിയ യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രക്ഷോഭക്കാര്‍ ടുനി നഗരത്തില്‍ സമ്മേളിച്ചത്.

സമ്മേളനത്തെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭക്കാര്‍ രത്‌നാചല്‍ എക്‌സ്പ്രസ് തടയുകയായിരുന്നു. യാത്രക്കാരോട് ബോഗികളില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ട ഇവര്‍ എട്ട് ബോഗികള്‍ക്ക് തീകൊടുത്തു. തുടര്‍ന്ന് ടൂനിയിലെ പോലീസ് സ്‌റ്റേഷനു നേര്‍ക്ക് കല്ലേറും നടത്തി. ദേശീയപാത 16 ഉപരോധിച്ചു. തുടര്‍ന്ന് രണ്ട് പോലീസ് സ്‌റ്റേഷനുകള്‍ക്കും 25 വാഹനങ്ങള്‍ക്കും തീയിട്ടു.

അക്രമസംഭവങ്ങളെ തുടര്‍ന്ന് വിജയവാഡക്കും വിശാഖപട്ടണത്തിനുമിടയിലെ ട്രെയിന്‍ ഗതാഗതവും ചെന്നൈകൊല്‍ക്കത്ത ദേശീയപാതയിലെ വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രക്ഷോഭകര്‍ തീവെച്ച രത്‌നാചല്‍ എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. കാപു സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുന്നില്ലെങ്കില്‍ ഉപരോധം അവസാനിപ്പിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് എം. പത്മനാഭന്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അക്രമത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു അടിയന്തിര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കാപുസമുദായത്തിന് സംവരണം നല്‍കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും എന്നാല്‍ കോടതിയുടെ സൂക്ഷ്മ പരിശോധന ഇല്ലാതെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here