സുനന്ദയുടെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്തു

Posted on: January 31, 2016 11:52 pm | Last updated: February 1, 2016 at 12:56 pm

shashi-tharoor-Sunandaന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ ശശി തരൂരിനെയും സഹായികളെയും ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു. ശശി തരൂരിനൊപ്പം ഡ്രൈവര്‍ ബജ്‌രംഗി, പേഴ്‌സനല്‍ സ്റ്റാഫ് നാരായണന്‍ സിംഗ് എന്നിവരെയാണ് അന്വേഷണ സംഘം ഇന്നലെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ് ബി ഐ നടത്തിയ സുനന്ദയുടെ ആന്തരികാവയവ പരിശോധനക്കിടെ സുനന്ദ കഴിച്ച മരുന്നിന്റെ അംശം അളവില്‍ കൂടുതല്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ശശി തരൂരിനെയും സ,ഹായികളെയും കേസ് അന്വേഷിക്കുന്ന ഡല്‍ഹി പേലീസ് വീണ്ടും ചോദ്യം ചെയ്തത്. തരൂരിന്റെ വസതിക്ക് സമീപമുള്ള ലോധി കോളനിയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരെയും പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
2014 ജനുവരി 17ന് ഡല്‍ഹിയിലെ ആഡംബര ഹോട്ടലിലാണ് ദുരൂഹ സാഹചര്യത്തില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ശശി തരൂരിനെയും സഹായികളെയും നേരത്തെ രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്ത നാരായണ്‍ സിംഗിനെയും ഡ്രൈവര്‍ ബജ്‌രംഗിയയെയും നേരത്തെ നുണപരിശോധനക്കും വിധേയമാക്കിയിരുന്നു.