സ്മാര്‍ട് സിറ്റി: സ്വകാര്യ മേഖലയില്‍ നിന്ന് ലക്ഷ്യമിടുന്നത് പന്ത്രണ്ടായിരം കോടി ഡോളര്‍

Posted on: January 31, 2016 11:46 pm | Last updated: February 1, 2016 at 10:12 am
SHARE

smart city kochiമുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തുന്ന മോദി സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയുടെ ചെലവിന്റെ ഭൂരിഭാഗവും സ്വകാര്യ മേഖലയില്‍ നിന്ന് കണ്ടെത്താന്‍ ശ്രമം. പതിനയ്യായിരം കോടി യു എസ് ഡോളറാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭൂരിഭാഗവും സ്വകാര്യ മേഖലയില്‍ നിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഏകദേശം പന്ത്രണ്ടായിരം കോടി യു എസ് ഡോളര്‍ സ്വകാര്യ മേഖലയില്‍ നിന്ന് ലക്ഷ്യമിടുന്നുണ്ട്.
7.513 ബില്യണ്‍ യു എസ് ഡോളര്‍ മുടക്കുമുതലുമായി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ഫോര്‍ അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റികള്‍ക്കായുള്ള ഫണ്ട് കണ്ടെത്തുക വലിയ ദൗത്യമാണെങ്കിലും ചട്ടക്കൂടിനുള്ളില്‍ നിന്ന് സ്മാര്‍ട്ട് സിറ്റി വികസനം അതിലേറെ ശ്രമകരമാണെന്ന് പ്രമുഖ മാര്‍ക്കറ്റ് കണ്‍സള്‍ട്ടന്‍സിയായ ഡലോയിറ്റ് ഇന്ത്യയുടെ സീനിയര്‍ ഡയറക്ടര്‍ പി എന്‍ സുദര്‍ശന്‍ പറഞ്ഞു.
കൊച്ചി ഉള്‍പ്പെടെ ഇരുപത് നഗരങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റികളായി ഉയര്‍ത്തുക. പട്ടികയില്‍ അഞ്ചാമതായാണ് കൊച്ചി ഇടംപിടിച്ചത്. ഒഡിഷയുടെ തലസ്ഥാനമായ ഭൂവനേശ്വര്‍ ആണ് പട്ടികയില്‍ ആദ്യ സ്ഥാനത്ത്. ഭുവനേശ്വറിന് പുറമെ പൂനെ (മഹാരാഷ്ട്ര), ജയ്പൂര്‍ (രാജസ്ഥാന്‍), സൂറത്ത് (ഗുജറാത്ത്), കൊച്ചി (കേരളം), അഹമ്മദാബാദ് (ഗുജറാത്ത്), ജബല്‍പൂര്‍ (മധ്യപ്രദേശ്), വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), സോളാപൂര്‍ (മഹാരാഷ്ട്ര), ദേവങ്കിരി (കര്‍ണാടക), ഇന്‍ഡോര്‍ (മധ്യപ്രദേശ്), ന്യൂഡല്‍ഹി, കോയമ്പത്തൂര്‍ (തമിഴ്‌നാട്), കാക്കിനാടാ (ആന്ധ്രാപ്രദേശ്), ബെല്‍ഗാം (കര്‍ണാടക), ഉദയ്പൂര്‍ (രാജസ്ഥാന്‍), ഗുവാഹത്തി (അസം), ചെന്നൈ (തമിഴ്‌നാട്), ലൂധിയാന (പഞ്ചാബ്), ഭോപ്പാല്‍ (മധ്യപ്രദേശ്) എന്നീ നഗരങ്ങളാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്.
സേവന ദാതാക്കള്‍ നഗരങ്ങളില്‍ വൈ ഫൈ സേവനങ്ങള്‍ക്കായി നിക്ഷേപം നടത്താന്‍ സന്നദ്ധമായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ അമ്പത് നഗരങ്ങളില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ റിലയന്‍സ് തയ്യാറായിട്ടുണ്ട്. ഭാരതിയും വൊഡാഫോണും സംയുക്ത കമ്പനിയായി വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ സന്നദ്ധമായിട്ടുണ്ട്. ബി എസ് എന്‍ എല്ലുമായി സഹകരിച്ച് ഫേസ്ബുക്ക് നൂറ് ഗ്രാമീണ മേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും. ഇതിന് പുറമെ റെയില്‍വേയുമായി സഹകരിച്ച് രാജ്യത്തെ നാനൂറ് റെയില്‍വേ സ്റ്റേഷനുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here