ട്രാക്കില്‍ കേരളത്തിന് നിരാശ

Posted on: January 31, 2016 11:32 pm | Last updated: January 31, 2016 at 11:32 pm

008 anjali pdകോഴിക്കോട്: കായിക മേളയുടെ ആകര്‍ഷക ഇനമായ നൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ കേരളത്തിന് നിരാശ. ഒരു വെള്ളിയും ഒരു വെങ്കലവും മാത്രമാണ് ആതഥേയര്‍ക്ക് ഈ ഇനത്തില്‍ ലഭിച്ചത്. സീനിയര്‍ പെണ്‍കുട്ടികളുടെയും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ കേരള താരങ്ങള്‍ മത്സരിക്കാന്‍ തന്നെയുണ്ടായിരുന്നില്ല.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളി നേടിയ കെ എസ് പ്രണവും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെങ്കലം നേടിയ പി ഡി അഞ്ജലിയുമാണ് മെഡല്‍ പട്ടികയില്‍ കേരളത്തിന്റെ സാന്നിധ്യമറിയിച്ചത്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച കേരള താരം ഗൗരി നന്ദന ഏഴാമത് മാത്രമാണ് ഓടിയെത്തിയത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടി പി അമലിന് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. കേരളം പിറകോട്ട് പോയ മീറ്റില്‍ 100 മീറ്റില്‍ നേട്ടമുണ്ടാക്കിയത് മഹാരാഷ്ട്രയാണ്. അവര്‍ക്ക് മൂന്ന് സ്വര്‍ണം ലഭിച്ചു. ഒരു വെങ്കലവും ഉണ്ട്. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചിരുന്നു. കഴിഞ്ഞ മീറ്റില്‍ ഉഷ സ്‌കൂളിന്റെ ജിസ്‌നയായിരുന്നു ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. പി ഡി അഞ്ജലിക്ക് വെള്ളിയും ലഭിച്ചിരുന്നു. റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിനാല്‍ ജിസ്‌ന പരിശീലനത്തിലായതിനാല്‍ ഇത്തവണ ദേശീയ കായികമേളയില്‍ പങ്കെടുത്തിരുന്നില്ല. കേരളത്തിന്റെ ഉറച്ച സ്വര്‍ണ പ്രതീക്ഷയായിരുന്നു ജിസ്‌ന.
സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ താരമായ ഷഹര്‍ബാന സിദ്ദിഖ് അവസാന നിമിഷം മത്സരത്തില്‍ നിന്ന് പിന്മാറിയതും കേരളത്തിന് തിരിച്ചടിയായി. 400 മീറ്ററില്‍ ഷഹര്‍ബാനക്ക് സ്വര്‍ണം ലഭിച്ചിരുന്നു. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജിസ്‌ന വേഗമേറിയ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഷഹര്‍ബാനയായിരുന്നു രണ്ടാം സ്ഥാനത്ത്. നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അഞ്ജലിക്ക് 200 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയുണ്ട്. 100 മീറ്ററില്‍ കോടതി വിധിയിലൂടെയാണ് അഞ്ജലി മത്സരിക്കാനെത്തിയത്. അതുകൊണ്ട് തന്നെ 100 മീറ്ററില്‍ പരിശീലനം നേടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് അഞ്ജലി പറഞ്ഞു. 200 മീറ്ററിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രണവില്‍ കേരളത്തിന് മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു. 10.84 സെക്കന്‍ഡിലായിരുന്നു പ്രണവ് സംസ്ഥാന കായിക മേളയില്‍ സ്വര്‍ണം ഓടിയെടുത്തത്.