Connect with us

Sports

പോള്‍വാള്‍ട്ടില്‍ മരിയ മാജിക്

Published

|

Last Updated

കോഴിക്കോട്: സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് മരിയ ജെയ്‌സല്‍. ഇന്നലെ 3.50 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് മരിയ 2014 ല്‍ താന്‍ തന്നെ കുറിച്ച 3.40 മീറ്റര്‍ ഉയരമെന്ന ദേശീയ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. തന്റെ ഇഷ്ട ഇനമായ പോള്‍വാള്‍ട്ടില്‍ തുടര്‍ച്ചയായ അഞ്ച് സ്വര്‍ണമെന്ന നേട്ടവും മരിയ സ്വന്തമാക്കി. ദേശീയ സ്‌കൂള്‍ മീറ്റിലെ പോള്‍വാള്‍ട്ട് സ്വര്‍ണം എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള പഠനകാലയളവില്‍ മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരുന്ന മരിയ അഭിമാനത്തോടെയാണ് സ്‌കൂള്‍ മീറ്റിന്റെ പടിയിറങ്ങുന്നത്. പാലാ സെന്റ്‌മേരീസ് എച്ച് എസ് എസിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്.
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ ലോംഗ്ജമ്പില്‍ മത്സരിച്ചിരുന്നു മരിയ, അന്ന് മരിയയുടെ ഇഷ്ട ഇനം ലോംഗ്ജമ്പായിരുന്നു. എന്നാല്‍ അതിന് ശേഷമാണ് പോള്‍വാള്‍ട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്റെ തന്നെ കരിയര്‍ ബെസ്റ്റായ 3.70 മീറ്ററെന്ന ഉയരം ഈ മീറ്റില്‍ മറികടക്കാനാകാത്തതിന്റെ നേരിയ പരിഭവം മനസ്സിലൊളിപ്പിച്ചാണ് അവസാന സ്‌കൂള്‍ മീറ്റിനോട് വിട ചൊല്ലിയത്. കായികാധ്യാപകനായ സതീഷ് കുമാറിന് കീഴില്‍ പരിമിതമായ സാഹചര്യത്തില്‍ മുളയുടെ പോളുമെടുത്ത് പരിശീലനം നടത്തിയാണ് നേട്ടങ്ങളത്രയും കൊയ്തത്.അഞ്ച് തവണ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പോള്‍വാള്‍ട്ടില്‍ സ്വര്‍ണം, മത്സരിച്ച നാല് തവണയും ഇതേയിനത്തില്‍ നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ ദേശീയ ചാമ്പ്യന്‍, ജൂനിയര്‍ നാഷണല്‍ മീറ്റില്‍ മൂന്ന് തവണ സ്വര്‍ണം, കൊല്‍ക്കത്തയില്‍ നടന്ന ഓപണ്‍ നാഷണലില്‍ സ്വര്‍ണം, ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ വെള്ളി…. മരിയയുടെ നേട്ടങ്ങളുടെ പട്ടിക ഇങ്ങനെ നീളുന്നു. നേരത്തേ ബ്രസീലില്‍ നടന്ന വേള്‍ഡ് സ്‌കൂള്‍ മീറ്റിലും പാല കരിങ്ങോയിക്കല്‍ വീട്ടില്‍ ജെയ്‌സണ്‍- നെയ്‌സി ദമ്പതികളുടെ മകളായ മരിയ പങ്കെടുത്തിരുന്നു.
അവസാന നിമിഷം വരെ ആവേശവും ആകാംക്ഷയും നിറഞ്ഞ സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ കെ ജി ജെസ്സന്‍ സ്വര്‍ണം നേടി. 4.50 ഉയരം ചാടിയാണ് ജെസ്സന്‍ കരിയറിലെ ആദ്യ ദേശീയ മീറ്റ് സ്വര്‍ണം നേടിയത്. പരിശീലന സമയത്ത് ചാടിയ 4.55 എന്ന തന്റെ ബെസ്റ്റ് സമയം കീഴടക്കാന്‍ ജെസ്സന് ആഗ്രഹമുണ്ടായിരുന്നെങ്കിലും 4.50 ചാടാനേ സാധിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന യൂത്ത് മീറ്റിലെ ജേതാവായ വിദ്യാഭാരതിയുടെ ധര്‍മേന്ദ്ര കുമാറിനെയാണ് ജെസ്സന്‍ മറികടന്നത്. ധര്‍മേന്ദ്രകുമാറിന്റെ ചാടിയത് 4.30മീറ്ററാണ്. അന്ന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നജസ്സനിത് മധുര പ്രതികാരം കൂടിയായി. പാലാ ജെംസ് അക്കാദമിയില്‍ സതീഷ്‌കുമാറിന്റെ കീഴിലാണ് പരിശീലനം. നേരത്തേ ഇന്റര്‍ ക്ലബ്ബ് മീറ്റിന്‍ സെക്കന്‍ഡും അമേച്വര്‍ മീറ്റില്‍ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. കല്ലടി എച്ച് എസ് കുമരംപുത്തൂരിലെ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയാണ്. ആലപ്പുഴ ചേര്‍ത്തല കടപ്പുറത്ത് വീട്ടില്‍ മത്സ്യബന്ധനത്തൊഴിലാളിയായ ജോര്‍ജ്- മേരി റീന ദമ്പതികളുടെ മകനാണ് ജെസ്സന്‍. രാജസ്ഥാന്റെ പ്രിതമിനാണ് മൂന്നാം സ്ഥാനം.

---- facebook comment plugin here -----

Latest