വേഗപ്പോരില്‍ കര്‍ണാടക, തമിഴ്‌നാട്

Posted on: January 31, 2016 11:26 pm | Last updated: January 31, 2016 at 11:26 pm
SHARE

007  100m junior boysകോഴിക്കോട്: ആവേശത്തിന്റെ തീപ്പൊരി തീര്‍ത്ത നൂറ് മീറ്ററില്‍ മിന്നും താരങ്ങളായത് കര്‍ണാടകയുടെ മനീഷും തമിഴ്‌നാടിന്റെ തമിഴ് ശെല്‍വിയും. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.76 സെക്കന്‍ഡ് കൊണ്ട് ഓടിയെത്തിയാണ് മനീഷ് സ്വര്‍ണം കരസ്ഥമാക്കിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ് ശെല്‍വി 12.39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണമണിഞ്ഞത്.
കര്‍ണാടകയിലെ ഉഡുപ്പിയില്‍ എം ജി എം കോളജില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മനീഷ്. റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ കായികമേളയില്‍ 100, 200 മീറ്ററില്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന്റെ പ്രണവ് വെള്ളിയും മഹാരാഷ്ട്രയുടെ ഡെന്‍സില്‍ പീറ്റര്‍ വെങ്കലവും കരസ്ഥമാക്കി. പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ ഹിരായ് സിദ്ദിക്ക് വെള്ളിയും, കര്‍ണാടകയുടെ വിശ്വ സി എച്ച് വെങ്കലവും നേടിയെടുത്തു.
ജൂനിയര്‍ വിഭാഗത്തില്‍ തമിഴ്‌നാടിന്റെ സി അജിത്ത് കുമാറും മഹാരാഷ്ട്രയുടെ ലെവിസ് റോസ്‌ലിനുമാണ് വേഗമേറിയ താരങ്ങളായത്. അജിത്ത് കുമാര്‍ 11. 08 സെക്കന്‍ഡ് കൊണ്ടാണ് ഫിനിഷ് ചെയ്തത്. ചെന്നൈ മേല്‍നിലെ പള്ളിയിലെ പച്ചോപ്‌സ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അജിത്ത് കുമാര്‍ മൂന്ന് തവണ സ്വര്‍ണം നേടിയിട്ടുണ്ട്. പഞ്ചാബിന്റെ ലോവ്പ്രീറ്റിന് വെള്ളിയും ഒഢീഷയുടെ പ്രസന്‍ജിത്ത് കുജുവിന് വെങ്കലവും ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വേഗമേറിയ താരമായ ലെവിസ് മഹാരാഷ്ട്ര വാഷിയിലെ മള്‍ട്ടി പര്‍പ്പസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. 12.43 സെക്കന്‍ഡാണ് ഫിനിഷ് ചെയ്യാനെടുത്ത സമയം. തമിഴ്‌നാടിന്റെ ആര്‍ ഗിരിധരണിക്ക് വെള്ളിയും കേരളത്തിന്റെ അഞ്ജലിക്ക് വെങ്കലവും ലഭിച്ചു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡല്‍ഹിയുടെ നിസാര്‍ അഹമ്മദും മഹാരാഷ്ട്രയുടെ മാനസി പെന്‍ധാര്‍ക്കറുമാണ് വേഗമേറിയ താരങ്ങളായത്. ഡല്‍ഹി അശോക് വിഹാര്‍ സീനിയര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ നിസാര്‍ 11.55 സെക്കന്‍ഡ് സമയം കൊണ്ടാണ് ഓടിയെത്തിയത്. ഒഡീഷയുടെ ലഖന്‍ മുര്‍മുവിന് വെള്ളിയും ഉത്തര്‍പ്രദേശിന്റെ റാഷിദ് ചൗധരിക്ക് വെങ്കലവും ലഭിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാനസി ഫിനിഷ് ചെയ്തത് 12.95 സെക്കന്‍ഡ് സമയമെടുത്തായിരുന്നു. പൂനെ സ്വദേശിയാണ് മാനസി. കര്‍ണാടകയുടെ വര്‍ഷക്ക് വെള്ളിയും മഹാരാഷ്ട്രയുടെ പൂജരി ചാര്‍വിക്ക് വെങ്കലവും ലഭിച്ചു.
അത്യന്തം വാശിയേറിയ നൂറ് മീറ്റര്‍ ഓട്ട മത്സരത്തില്‍ ഓരോ കുതിപ്പിനും കരഘോഷം മുഴക്കി സ്റ്റേഡിയം മുഴുവന്‍ തിങ്ങിനിറഞ്ഞ കാണികള്‍ പ്രോത്സാഹനം നല്‍കി. മത്സരങ്ങളിലേറെയും ഫോട്ടോ ഫിനിഷിംഗിലേക്ക് നീണ്ടതോടെ കാണാനെത്തിയ കായികപ്രേമികളുടെ ആവേശവും ആരവവും ഇരട്ടിയായി. എന്നാല്‍ വേഗമേറിയ താരങ്ങളെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ കേരളത്തിന് ഫലം നിരാശയായത് കാണികളില്‍ മ്ലാനത പരത്തി.