Connect with us

Kannur

കണ്ണൂരിലേത് ആളില്ലാ സര്‍വകലാശാല; ഭൂരിഭാഗം ജീവനക്കാരും ഇപ്പോഴും ദിവസ വേതനക്കാര്‍

Published

|

Last Updated

കണ്ണൂര്‍: ഉത്തരമലബാറിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമായി പത്ത് വര്‍ഷം മുമ്പ് നിലവില്‍ വന്ന കണ്ണൂര്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനം ആവശ്യമായ ജീവനക്കാരില്ലാത്തതുമൂലം താറുമാറാകുന്നു. ഏറ്റവും രഹസ്യസ്വഭാവവും ഉത്തരവാദിത്തവും വേണ്ട പരീക്ഷാഭവനില്‍ പ്പോലും സ്ഥിരം ജീവനക്കാരെ നിയമിക്കാതെയാണ് സര്‍വകലാശാലയോടുള്ള സര്‍ക്കാറിന്റെ അവഗണന തുടരുന്നത്. ഇവിടെയുള്ള ഭൂരിഭാഗം ജീവനക്കാരും ദിവസ വേതനക്കാരാണെന്നത് സര്‍വകലാശാലയുടെ ഏറ്റവും വലിയ ദൈന്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ജോയിന്റ് രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, അസി. രജിസ്ട്രാര്‍ തുടങ്ങിയ പ്രധാന തസ്തികളില്‍ വരെ സ്ഥിര നിയമനം ഇല്ലാത്തതിനാല്‍ പരീക്ഷകളും പരീക്ഷാഫല പ്രഖ്യാപനവും മാര്‍ക്ക് ലിസ്റ്റ് വിതരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവുന്നില്ല. പിഎച്ച്ഡി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ അനന്തമായി നീളുന്നതും ഉദ്യോഗാര്‍ഥികളെ കാര്യമായിത്തന്നെ വലക്കുന്നുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും ഉള്‍പ്പെടുന്നതാണ് സര്‍വകലാശാലയുടെ പരിധി. റഗുലര്‍ കോളേജുകളിലും വിദൂരവിദ്യാഭ്യാസ വിഭാഗത്തിലുമായി 81647 വിദ്യാര്‍ഥികളാണ് ഈ അധ്യയന വര്‍ഷത്തിലുള്ളത്. ഏഴുവര്‍ഷത്തിനിടെ പഠനവിഭാഗങ്ങള്‍ 20ല്‍ നിന്ന് 30 ആയും വര്‍ധിച്ചു. മൊത്തം ജീവനക്കാരില്‍ 290 പേരാണ് ഇപ്പോള്‍ സ്ഥിരം നിയമനക്കാരായുള്ളത്. ദിവസവേതനക്കാരാവട്ടെ 43 ശതമാനമാണ്- 216 പേര്‍. സര്‍വകലാശാലക്കു കീഴിലെ കോളേജുകളുടെ എണ്ണം 70ല്‍ നിന്ന് ഇപ്പോള്‍ 111 ആയി വര്‍ധിച്ചിച്ചുണ്ട്. ഇതര പഠനവിഭാഗങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഇവയുടെ എണ്ണം 158 ആണ്. കോഴ്‌സുകള്‍ 265ല്‍ നിന്ന് 522 എണ്ണമായി വര്‍ധിച്ചു. 2009 അധ്യയനവര്‍ഷം മുതല്‍ ചോയ്‌സ് ബേസ്ഡ് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയതോടെ പരീക്ഷകളുടെ എണ്ണവും ഇരട്ടിയായി.
2008-ല്‍ എല്‍ ഡി എഫ് സര്‍ക്കാറാണ് സര്‍വകലാശാലയില്‍ ഏറ്റവും ഒടുവിലായി 86 ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചത്. ഇതിന് ശേഷം വിരമിച്ചതും രാജിവെച്ചതുമെല്ലാമടക്കം ഇതിലേറെ ഒഴിവുകളുണ്ടായിട്ടുണ്ട്. ഇതിനിടയില്‍ അടുത്തിടെ 18 തസ്തികകളില്‍ നിയമനം നടന്നുവെന്നത് മാത്രമാണ് ചെറിയൊരാശ്വാസത്തിന് വക നല്‍കുന്നത്. കേരളത്തിലെ ഇതര സര്‍വകലാശാലകളിലെല്ലാം ജീവനക്കാരുടെ ഒഴിവുകള്‍ നികത്താന്‍ നൂറുകണക്കിന് തസ്തികകള്‍ സമീപവര്‍ഷങ്ങളില്‍ അനുവദിച്ചപ്പോഴും കണ്ണൂരില്‍ കാര്യമായി അനുവദിക്കാന്‍ നടപടിയുണ്ടായില്ല. ഭരണവിഭാഗങ്ങളും പരീക്ഷാവിഭാഗവും ഒരു പോലെ ജീവനക്കാരില്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ്. ജീവനക്കാര്‍ ഞായറാഴ്ചകള്‍ ഉള്‍പ്പടെയുള്ള അവധിദിനങ്ങള്‍ ഉള്‍പ്പടെ രാവും പകലും ജോലിചെയ്താണ് സര്‍വകലാശാലയെ ഉന്തിത്തള്ളികൊണ്ടുപോവുന്നതെന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയന്‍ നേതാക്കള്‍ പറയുന്നു. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കുറഞ്ഞത് 265 തസ്തികകള്‍ പുതുതായി വേണ്ടിവരുമെന്നാണ് കണക്ക്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അടിയന്തിരമായി കണ്ണൂരിലേക്ക് 98 തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ ഈ തീരുമാനം നടപ്പാക്കുന്നത് ധനവകുപ്പ് തടഞ്ഞുവെച്ചു. ഇക്കാര്യത്തില്‍ പിന്നീട് പുതിയ തീരുമാനങ്ങളൊന്നുമുണ്ടായതുമില്ല.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest