Connect with us

International

ഉപാധികളോടെ സിറിയന്‍ പ്രതിപക്ഷം ജനീവയില്‍ ചര്‍ച്ചക്കെത്തി

Published

|

Last Updated

ജനീവ: ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സിറിയന്‍ സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സിറിയയിലെ പ്രധാന പ്രതിപക്ഷം ജനീവയിലെത്തി. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ഇവരുടെ നിലപാടെങ്കിലും പിന്നീട് ചര്‍ച്ചകള്‍ക്ക് മുന്നോട്ടുവരികയായിരുന്നു. അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത് എത്തിയ സംഘം ജനീവയിലെത്തി യു എന്‍ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതിപക്ഷമായ എച്ച് എന്‍ സി ജനീവയില്‍ എത്തിയത്. എന്നാല്‍ അസദ് സര്‍ക്കാര്‍ സിറിയയില്‍ നടത്തുന്ന എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കാന്‍ ശ്രമം ഉണ്ടായില്ലെങ്കില്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറുമെന്ന് പ്രധാന പ്രതിപക്ഷമായ എച്ച് എന്‍ സി സംഘം ഇപ്പോഴും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
യു എന്‍ സ്ഥാനപതി സ്റ്റഫാന്‍ ഡി മിസ്തുറയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും നിലവില്‍ സിറിയയിലെ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനാണ് ശ്രമമെന്നും ഹൈ നാഷനല്‍ കമ്മിറ്റി(എച്ച് എന്‍ സി) വക്താവ് സലീം അല്‍ മെസ്‌ലെത് പറഞ്ഞു.
കുട്ടികളും സ്ത്രീകളും പട്ടിണി കിടന്ന് മരിക്കുകയാണ്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാണ് ആഗ്രഹം. അതുപോലെ തടവറയിലെന്ന പോലെ കഴിയുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മോചനവും ആവശ്യമാണ്. സര്‍ക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ ശ്രമം ഉണ്ടായിട്ടില്ലെങ്കില്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കും. സമാധാന ചര്‍ച്ച ഉണ്ടാകണമെന്നു തന്നെയാണ് തങ്ങളുടെ ആഗ്രഹം. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഗൗരവമായ സമീപനമല്ല വരുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ ചില ഉപാധികളുണ്ട്. ഇത് യു എന്‍ പ്രതിനിധിയുമായി പങ്കുവെക്കും. പ്രതിപക്ഷ വിഭാഗങ്ങള്‍ക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന ഉപരോധ നടപടികള്‍ അവസാനിപ്പിക്കണമെന്നതാണ് പ്രധാന ഉപാധി. ഇതിന് തയ്യാറല്ലെങ്കില്‍ ജനീവയിലെ സമാധാന ചര്‍ച്ചയില്‍ തങ്ങള്‍ പങ്കാളികളാകില്ല. പ്രഥമ പരിഗണന സിറിയന്‍ ജനത അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കലാണ്. ഇതിനൊക്കെ തയ്യാറാണെങ്കില്‍ അത് നല്ലൊരു തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘകാലത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ജനീവയില്‍ യു എന്‍ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചക്ക് കളമൊരുങ്ങിയത്.