Connect with us

Health

കൊളംബിയയില്‍ സിക്ക രോഗം ബാധിച്ചത് 2,000ത്തിലധികം ഗര്‍ഭിണികള്‍ക്ക്

Published

|

Last Updated

ബൊഗോട്ട: തെക്കെ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ 20,000ത്തില്‍ അധികം പേര്‍ക്ക് സിക്ക രോഗം പിടിപെട്ടു. ഇതില്‍ 2,116 പേര്‍ ഗര്‍ഭിണികളാണ്. രാജ്യത്തെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റിയൂട്ട് ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 20,297 പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. മേഖലയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സിക്ക രോഗബാധിതരുള്ള രാജ്യം കൊളംബിയയാണ്. സിക്ക വൈറസ് തെക്കെ അമേരിക്കന്‍ നാടുകളില്‍ സ്‌ഫോടനാത്മകമായി വ്യാപിക്കുകയാണെന്നും ഈ വര്‍ഷം രോഗബാധിതരുടെ എണ്ണം മൂന്ന് മുതല്‍ നാല് ദശലക്ഷം വരെയാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊതുകില്‍ നിന്നാണ് ഈ രോഗം ബാധിക്കുന്നത്. സിക്ക വൈറസ് ബാധിച്ച ഗര്‍ഭിണികള്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ തലയും തലച്ചോറും അസാധാരണമാംവിധം ചെറുതായിരിക്കും. കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുന്ന ഈ ക്ഷതം ചികിത്സിച്ച് മാറ്റാനുമാകില്ല. ബ്രസീലില്‍ 1.5 ദശലക്ഷം സിക്ക വൈറസ് ബാധിതരുണ്ട്. രോഗം പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ വര്‍ഷം 3,718 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Latest