ദക്ഷിണ ചൈനാ കടലില്‍ യു എസ് യുദ്ധക്കപ്പല്‍; ചൈന അപലപിച്ചു

Posted on: January 31, 2016 10:59 pm | Last updated: January 31, 2016 at 10:59 pm

xi_jinping_china_president_2012_11_15ബീജിംഗ്: തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിച്ച അമേരിക്കന്‍ നടപടിയെ ചൈന അപലപിച്ചു. അമേരിക്കയുടെ നീക്കം മേഖലയിലെ സമാധനത്തെയും സുസ്ഥിരതയെയും അട്ടിമറിക്കുന്നതാണെന്നും ചൈന കുറ്റപ്പെടുത്തി. ദക്ഷിണ ചൈന കടലില്‍ ചൈനയും മറ്റ് രാജ്യങ്ങളും അവകാശമുന്നയിക്കുന്ന ദ്വീപിന് 12 നോട്ടിക്കല്‍ മൈല്‍ അകലെ അമേരിക്കന്‍ നാവികസേനയുടെ കപ്പല്‍ നശീകരണ യുദ്ധക്കപ്പല്‍ വിന്യസിച്ചിട്ടുണ്ടെന്നും കപ്പലോട്ടം നിയന്ത്രിക്കുന്നതിനെ എതിര്‍ക്കുന്നതിന്റെ ഭാഗമായാണിതെന്നും പെന്റഗണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അമേരിക്കയുടെ നടപടി ചൈനീസ് നിയമങ്ങളുടെ ഗൗരവമായ ലംഘനമാണെന്നും സമുദ്രത്തിലെയും മേഖലയിലെയും സമാധാനത്തെയും സുരക്ഷിതത്വത്തെയും സുസ്ഥിരതയെയും അട്ടിമറിക്കുന്നതാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് യാംഗ് യുജുന്‍ പറഞ്ഞതായി സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലോകവ്യാപകമായി അഞ്ച് ട്രില്യന്‍ ഡോളറിന്റെ കപ്പല്‍ ചരക്ക് നീക്കം നടക്കുന്ന തന്ത്രപ്രധാനമായ ദക്ഷിണ ചൈന കടലിന്റെ ഭൂരിഭാഗവും തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാല്‍ വിയറ്റ്‌നാം, മലേഷ്യ, ബ്രുണെ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളും ഇതിന്‍മേല്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈന കടലിലൂടെയുള്ള സഞ്ചാരത്തെ നിയന്ത്രിക്കുന്നതിനെതിരെ രംഗത്തുവന്ന അമേരിക്ക ഇത് അന്താരാഷ്ട്ര സമുദ്രപാതയായി കണക്കാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ചൈന, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സമുദ്ര സഞ്ചാര അവകാശത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് യുദ്ധക്കപ്പല്‍ വിന്യസിച്ചിരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കിക്കഴിഞ്ഞു,