Connect with us

Business

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ബേങ്കിംഗ് ഓഹരികളില്‍ ചാഞ്ചാട്ടം

Published

|

Last Updated

ബേങ്ക് ഓഫ് ജപ്പാന്‍ നിക്ഷേപ മേഖലയുടെ കണക്ക്കൂട്ടലുകള്‍ തെറ്റിച്ച് പലിശ നിരക്കില്‍ 20 ബേസിസ് പോയിന്റ് കുറച്ചത് ജാപ്പനീസ് മാര്‍ക്കറ്റിനെ മാത്രമല്ല ഏഷ്യയിലെ പ്രമുഖ ഓഹരി ഇന്‍ഡക്‌സുകളിലും ആവേശ തിരയിളക്കം സൃഷ്ടിച്ചു. വാരാന്ത്യ ദിനത്തില്‍ യൂറോപ്യന്‍ മാര്‍ക്കറ്റുകളും അമേരിക്കന്‍ ഓഹരി വിപണികളും അതിശക്തമായ കുതിച്ചു ചാട്ടം— കാഴ്ച്ചവെച്ചു.
ചെവാഴ്ച റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ വായ്പാ അവലോകനത്തിനായി യോഗം ചേരും. റിസര്‍വ് ബേങ്ക് പലിശ നിരക്ക് സ്‌റ്റെഡിയായി തുടരാന്‍ തീരുമാനം കൈകൊള്ളുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കഴിഞ്ഞവാരം യു എസ് ഫെഡ് പലിശ സ്‌റ്റെഡി നിലവാരത്തില്‍ തുടരാന്‍ തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ആര്‍ ബി ഐ യും കരുതലോടെ മാത്രമേ നീക്കം നടത്തൂ. നിഫ്റ്റി സൂചിക പിന്നിട്ടവാരം 141 പോയിന്റ് കയറി. നിഫ്റ്റി 7420 ല്‍ നിന്ന് 7570 ലേക്ക് നീങ്ങി. വാരാന്ത്യ ക്ലോസിംഗ് നടക്കുമ്പോള്‍ സൂചിക 7563 ലാണ്. നിഫ്റ്റിക്ക് ഈ വാരം ആദ്യ പ്രതിരോധം 7615 ലാണ്. ഇത് മറികടക്കുന്നതോടെ പുതിയ ലക്ഷ്യം 7667-7765 ലേക്ക് ഉയരും. എന്നാല്‍ തളര്‍ച്ച നേരിട്ടാല്‍ 7465-7367 ല്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമം നടത്താം. സൂചികയുടെ സാങ്കേതിക ചലനങ്ങള്‍ കണക്കിലെടുത്താല്‍ പി- എസ് ഏ ആര്‍, ആര്‍ എസ് ഐ- 14, സ്ലോ സ്‌റ്റോക്കാസ്റ്റിക്ക്, ഫാസ്റ്റ് സ്‌റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ബുള്‍ റാലിക്കുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചുണ്ടുന്നത്.
ബി എസ് ഇ താഴ്ന്ന തലമായ 24,442 പോയിന്റില്‍ നിന്ന് 24,901 വരെ കയറി. വാരാന്ത്യം സെന്‍സെക്‌സ് 24,870 ലാണ്. സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ 25,033-25,196 ല്‍ തടസ്സവും 24,574-24,278 ല്‍ താങ്ങും— പ്രതീക്ഷിക്കാം. ബോംബെ സെന്‍സെക്‌സ് പോയവാരം 435 പോയിന്റ് ഉയര്‍ന്നു. ഹെല്‍ത്ത്‌കെയര്‍, ടെക്‌നോളജി, എഫ് എം സി ജി, കണ്‍സ്യൂമര്‍ ഗുഡ്‌സ്, സ്റ്റീല്‍, പവര്‍, റിയാലിറ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഓട്ടോമൊബൈല്‍, കാപ്പിറ്റല്‍ ഗുഡ്‌സ് വിഭാഗങ്ങളില്‍ നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു. ബേങ്കിംഗ് ഓഹരികള്‍ ചാഞ്ചാടി.
മുന്‍ നിര ഫാര്‍മ ഓഹരികളായ ഡോ. റെഡീസും സണ്‍ ഫാര്‍മയും മികവിലാണ്. ഐ റ്റി സി, എച്ച് യു എല്‍, ഇന്‍ഫോസീസ്, വിപ്രോ, റ്റി സി എസ്, ബി എച്ച് ഇ എല്‍, ആര്‍ ഐ എല്‍, ഒ എന്‍ ജി സി, കോള്‍ ഇന്ത്യ, എം ആന്‍ഡ് എം തുടങ്ങിയവ മികവിലാണ്. അതേ സമയം എസ് ബി ഐ, എല്‍ ആന്‍ഡ് റ്റി, സിപ്ല, എയര്‍ടെല്‍, ടാറ്റാ മോട്ടേഴ്‌സ് തുടങ്ങിയവയുടെ നിരക്ക് കുറഞ്ഞു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ അമേരിക്കന്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 28 മാസത്തിനിടയില്‍ ആദ്യമായി 68.22 ലേയ്ക്ക് ഇടിഞ്ഞ ശേഷം രൂപ വാരാന്ത്യം 67.86 ലാണ്.
അനുകൂല വാര്‍ത്തകള്‍ക്കിടയില്‍ വെള്ളിയാഴ്ച ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ഫെബ്രുവരി സീരീസിന് തുടക്കം കുറിച്ചു. ഇടപാടുകളുെട ആദ്യ ദിനത്തില്‍ പ്രദേശിക ആഭ്യന്തര വിദേശ ഓപ്പറേറ്റര്‍മാരും നിക്ഷേപകരായി. 2016 ആദ്യ മാസത്തില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ 13,966 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറി. ഈഅവസരത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിക്ക് ശക്തമായ പിന്തുണ നല്‍കി.—ഒപെക്ക് ക്രൂഡ് ഓയില്‍ ഉത്പാദനം കുറക്കുന്നത് സംബന്ധിച്ച് അടിയന്തിര യോഗത്തിന് നീക്കം നടത്തിയാല്‍ എണ്ണ വിലയില്‍ വീണ്ടും മുന്നേറ്റം പ്രതീക്ഷിക്കാം. വാരാന്ത്യം ന്യൂയോര്‍ക്കില്‍ എണ്ണ വില വീപ്പക്ക് 33.74 ഡോളറിലാണ്.