Connect with us

Business

ക്രൂഡ് ഓയില്‍ വില കൂടി; റബ്ബറിന് നേട്ടമാകുമെന്ന് പ്രതീക്ഷ

Published

|

Last Updated

രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് റബ്ബറിന് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍. നാളികേരത്തിന്റെ വരവ് ഉയര്‍ന്നത് കണ്ട് മില്ലുകാര്‍ വെളിച്ചെണ്ണ വിറ്റഴിക്കാന്‍ തിരക്കിട്ട നീക്കം നടത്തി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും അകന്നത് കുരുമുളക് വില കുറയാന്‍ കാരണമായി. സ്വര്‍ണ വിലയില്‍ വന്‍ ചാഞ്ചാട്ടം.

കൊച്ചി: ക്രൂഡ് ഓയില്‍ വില താഴ്ന്ന നിലവാരമായ 26 ഡോളറില്‍ നിന്ന് 34 ഡോളറിലേക്ക് പെടുന്നനെ ഉയര്‍ന്നത് സ്വാഭാവിക റബ്ബര്‍ വില ഉയരാന്‍ സാഹചര്യം ഒരുക്കും. എന്നാല്‍ എണ്ണ മാര്‍ക്കറ്റിലെ ഉണര്‍വ് രാജ്യാന്തര റബ്ബറില്‍ ഇനിയും കാര്യമായ ചലനം ഉളവാക്കിയിട്ടില്ല. ടോക്കേമിലും മറ്റ് വിപണികളിലും ഈ വാരം ഷീറ്റ് വില ഉയരാം.
തായ്‌ലാന്‍ഡ് അവരുടെ കര്‍ഷകരില്‍ നിന്ന് റബ്ബര്‍ സംഭരണം തുടങ്ങിയതും വിപണിക്ക് അനുകൂലമാണ്. യൂറോപ്യന്‍ കേന്ദ്ര ബേങ്ക് സാമ്പത്തിക മേഖലക്ക് ഊര്‍ജം പകരുന്ന നടപടികള്‍ക്ക് ഒരുങ്ങിയതിന് പുറകെ ബേങ്ക് ഓഫ് ജപ്പാന്‍ പലിശ നിരക്കില്‍ വരുത്തിയ വന്‍ ഇളവും അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റബ്ബര്‍ വില ഉയര്‍ത്താന്‍ അവസരം ഒരുക്കും. വാരാന്ത്യം ജാപ്പാനീസ് യെന്നിന്റെ മൂല്യ—ത്തിലുണ്ടായ വ്യതിയാനം വരും ദിനങ്ങളില്‍ ടോക്കോമിലേക്ക് നിക്ഷേപകരെ അടുപ്പിച്ചേക്കാം.
2009 ലെ നിലവാരത്തില്‍ നീങ്ങുന്ന ഇന്ത്യന്‍ റബ്ബര്‍ വില കണ്ട് വലിയോരു വിഭാഗം കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തി. ഇതിനിടയില്‍ കാലാവസ്ഥ മാറ്റം മൂലം മരങ്ങളില്‍ നിന്നുള്ള യീല്‍ഡും— ചുരുങ്ങി. ടാപ്പിംഗ് രംഗം നിശ്ചലമായത് ലാറ്റക്‌സ് ക്ഷാമം രൂക്ഷമാക്കി. ലാറ്റക്‌സ് 7500 രൂപയിലാണ്. നാലാം ഗ്രേഡ് 9500 ലും അഞ്ചാം ഗ്രേഡ് 9200 രൂപയിലുമാണ്.
നാളികേര വിളവെടുപ്പ് മുന്നേറി. സീസണിലെ പുതിയ ചരക്ക് ഉയര്‍ന്ന അളവില്‍ എത്തിയത് കണ്ട് മില്ലുകാര്‍ കൊപ്ര സംഭരണം കുറച്ചു. ഡിമാന്‍ഡ് മങ്ങിയത് വെളിച്ചെണ്ണ വിലയും ബാധിച്ചു. വിളവെടുപ്പ് ഊര്‍ജിതമായതിനാല്‍ ഫെബ്രുവരിയില്‍ വില്‍പന സമ്മര്‍ദം ശക്തമാക്കാം. ഡിമാന്‍ഡ് മങ്ങിയതോടെ കൊപ്ര വില 5755 രൂപയായി താഴ്ന്നു. എണ്ണയ്ക്ക് പ്രദേശിക ആവശ്യം ചുരുങ്ങിയതിനാല്‍ 200 രൂപ കുറഞ്ഞ് 8400 രൂപയായി.
കുരുമുളകിന് ആഭ്യന്തര വിദേശ അന്വേഷണങ്ങള്‍ ചുരുങ്ങിയത് വിലയെ ബാധിച്ചു. വിളവെടുപ്പ് മുന്നേറുന്നതിനാല്‍ വരും ആഴ്ചകളില്‍ കുരുമുളകിന്റെ ലഭ്യത ഉയരും. മാര്‍ച്ച്-ഏപ്രില്‍ ഷിപ്പ്‌മെന്റിന് പുതിയ ഓര്‍ഡറുകള്‍ കയറ്റുമതി സമൂഹം പ്രതീക്ഷിക്കുന്നു. അതേ സമയം വിനിമയ വിപണിയില്‍ രൂപയുടെ ചാഞ്ചാട്ടം കയറ്റുമതിക്കാരെ സമ്മര്‍ദത്തിലാക്കി. ഗാര്‍ബിള്‍ഡ് കുരുമുളക് 65,400 രൂപയില്‍ നിന്ന് 64,200 രൂപയായി.
കേരളത്തില്‍ സ്വര്‍ണ വില ചാഞ്ചാടി. ആഭരണ വിപണികളില്‍ പവന്‍ 19,800 രൂപയില്‍ നിന്ന് 20,200 വരെ ഉയര്‍ന്ന ശേഷം 20,080 ലേക്ക് താഴ്‌ന്നെങ്കിലും— ശനിയാഴ്ച പവന്‍ 20,160 ലാണ്. ലണ്ടനില്‍ സ്വര്‍ണം 1118 ഡോളറിലാണ്.