Connect with us

Kerala

ജനരക്ഷാ യാത്രയുടെ വേദി തകര്‍ന്നു

Published

|

Last Updated

മട്ടാഞ്ചേരി: ജനരക്ഷാ യാത്രയുടെ കൊച്ചി മണ്ഡലത്തിലെ സ്വീകരണ ചടങ്ങുകള്‍ക്കിടെ വേദി തകര്‍ന്നുവീണു. ചുള്ളിക്കല്‍ ടിപ്പ് ടോപ്പ് അസീസ് ഗ്രൗണ്ടിലാണ് സ്വീകരണ വേദി ഒരുക്കിയിരുന്നത്. സുധീരന്‍ പ്രവേശിച്ച് നിമിഷങ്ങള്‍ക്കകം വേദി തകരുകയായിരുന്നു. നേതാക്കളുടെ ബാഹുല്യമാണ് വേദി തകരാനിടയാക്കിയത്. 25 പേര്‍ക്ക് ഇരിക്കാവുന്ന വേദിയില്‍ അതിന്റെ രണ്ടിരട്ടിയാളുകള്‍ കയറിയതോടെ ഭാരം താങ്ങാനാകാതെ താത്കാലികമായി തയ്യാറാക്കിയ വേദി നിലം പൊത്തുകയായിരുന്നു.
സുധീരന്‍ എത്തുന്നതിന് മുമ്പ് തന്നെ, യോഗത്തില്‍ അധ്യക്ഷനായിരുന്ന ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എ വേദിയില്‍ അധികമാളുകള്‍ കയറരുതെന്നാവശ്യപ്പെടുന്നുണ്ടായിരുന്നു. സുധീരന്‍ എത്തുന്നതിന് മുമ്പ് തന്നെ മുപ്പതോളം നേതാക്കള്‍ വേദിയിലുണ്ടായിരുന്നു. സുധീരന്‍ എത്തിയതോടെ കൂടുതല്‍ പേര്‍ വേദിയിലേക്ക് ഇരച്ചുകയറുകയായിരുന്നു. വേദി തകര്‍ന്നതോടെ സുധീരന്‍ ഉള്‍പ്പെടെയുള്ളവര്‍ മേല്‍ക്കൂരയുടെ അടിയിലായി.
പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് മേല്‍ക്കൂര പൊക്കിനിര്‍ത്തി നേതാക്കളെ രക്ഷപ്പെടുത്തി. വേദിയുടെ തൂണിന്റെ കമ്പി തലയില്‍ കുത്തിയതിനെ തുടര്‍ന്ന് ഡി സി സി ജനറല്‍ സെക്രട്ടറി എം പി ശിവദത്തന് പരുക്കേറ്റു. മറ്റൊരു ഡി സി സി ജനറല്‍ സെക്രട്ടറിയും നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യത്തിന്റെ കാലിന് പരുക്കേറ്റു. വീഴ്ചക്കിടയില്‍ ഡൊമിനിക് പ്രസന്റേഷന്‍ എം എല്‍ എക്കും പരുക്കുണ്ട്.
വേദി തകര്‍ന്നതിനെ തുടര്‍ന്ന് യാത്രയുടെ സ്വീകരണ വേദി ഗ്രൗണ്ടിലെ സ്ഥിരം സ്റ്റേജിലേക്ക് മാറ്റി.

Latest