ക്രിസ്തുവര്‍ഷത്തിന് മുമ്പുള്ള ചരിത്ര ശേഷിപ്പ് ഷാര്‍ജയില്‍ കണ്ടെത്തി

Posted on: January 31, 2016 1:48 pm | Last updated: January 31, 2016 at 2:06 pm
SHARE
ARCHEO
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മലീഹ പുരാവസ്തുകേന്ദ്രം സന്ദര്‍ശിക്കുന്നു

ഷാര്‍ജ: ക്രിസ്തു വര്‍ഷത്തിന് മൂന്ന് നൂറ്റാണ്ട് മുമ്പ് ഒമാനിലുണ്ടായിരുന്ന രാജവംശത്തിന്റെ ശേഷിപ്പുകള്‍ ഷാര്‍ജയില്‍ കണ്ടെത്തിയതായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. മലീഹ പുരാവസ്തു കേന്ദ്രമാണ് ഇത് കണ്ടെത്തിയത്. മേഖലയിലെ ഏറ്റവും പ്രാധാന്യമുള്ള ചരിത്ര വസ്തുതയാണിതെന്ന് ഡോ. ശൈഖ് സുല്‍ത്താന്‍ പറഞ്ഞു. അരാമിക്, തെക്കന്‍ അറബി ഭാഷകളിലായി ആലേഖനം ചെയ്ത താഴികക്കുടമാണ് ഇവിടെ കണ്ടെത്തിയത്. ഒമാന്‍ രാജവംശത്തിലെ രാജാവായിരുന്ന ഹമദ് ബിന്‍ ജര്‍ബിന്‍ അലി കഹീമിന്റെ പേര് താഴികക്കുടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിന് മുമ്പ് 215, 216 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താഴികക്കുടം നിര്‍മിച്ചിരിക്കുന്നത്. ബ്രസല്‍സിലെ റോയല്‍ മ്യൂസിയം ആര്‍ട്ടിലെ ഗവേഷകര്‍ക്കൊപ്പമാണ് മലീഹയില്‍ പര്യവേഷണം നടത്തിയത്.
ഷാര്‍ജ ഡിപാര്‍ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്റ് ഇന്‍ഫര്‍മേഷനില്‍ ഈ ശേഷിപ്പ് സൂക്ഷിച്ചിട്ടുണ്ട്. ഭൂമിക്കടിയില്‍ 5.2 ചതുരശ്രമീറ്ററില്‍ ചേംബറുണ്ടാക്കിയ നിലയിലും ഇവിടെ കാണപ്പെട്ടിട്ടുണ്ടെന്നും ശൈഖ് സുല്‍ത്താന്‍ അറിയിച്ചു.