കേരള വികസനം സുസ്ഥിര വികസനത്തിന്റെ ജനകീയ മുന്നേറ്റമായി മാറണം: ഡോ.തോമസ് ഐസക്

Posted on: January 31, 2016 12:30 pm | Last updated: January 31, 2016 at 12:30 pm

thomas-isaacകല്‍പ്പറ്റ: ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും അത് നിലനിര്‍ത്തുന്നതിന്റെ പാരിസ്ഥിതികവും സാമൂഹികവുമായ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും കാര്യക്ഷമമായ പങ്ക് വഹിക്കുവാന്‍ കഴിയുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് ഡോ. ടി എം തോമസ് ഐസക്.

ജൈവവൈവിധ്യ നിയമം നടപ്പാക്കുന്നതില്‍ രാജ്യത്തിനു തന്നെ മാതൃകയാണ് നമ്മുടെ സംസ്ഥാനം. ഇതില്‍ മുന്‍ നിരയിലാണ് വയനാട് ജില്ല. എല്ലാ പഞ്ചായത്തുകളിലും ബയോ ഡൈവേഴ്‌സിറ്റി റജിസ്റ്ററുകള്‍ തയ്യാറാക്കിയിട്ടുണ്ട്്. ഇത് ശാസ്ത്രീയമായി വികസന ആസൂത്രണങ്ങളെ സഹായിക്കുന്ന ഒരു അടിസ്ഥാന രേഖയായി മാറണം. വയനാട് എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ നടക്കുന്ന വിത്തുല്‍സവം 2016 ന്റെ ഭാഗമായി നടത്തിയ ജൈവവൈവിധ്യ സംരക്ഷണം ഒരു പ്രാദേശിക വികസന അജണ്ട ത്രിതല പഞ്ചായത്തുകളുടെ പങ്ക് എന്ന വിഷയത്തെ അധികരിച്ചു നടത്തിയ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കേരളം ജനകീയാസൂത്രണത്തിലൂടെ വ്യതിരിക്തമായ മാതൃക സൃഷ്ടിച്ചു കൊണ്ട് എല്ലാ വികസന സൂചികകളിലും വികസിത രാജ്യങ്ങളോടൊപ്പം എത്തുകയും അതിനനുസരിച്ച് പൊതു ജനജീവിത നിലവാരം ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രാദേശിക വികസനത്തിന്റെ സുസ്ഥിരതയെ സന്നിവേശി പ്പിക്കാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇത് ഗുരുതരമായ ജൈവവൈവിധ്യ ശോഷണത്തിനുംതന്മൂലം വിഭവങ്ങളുടെ അസമത്വ പൂര്‍ണ്ണമായ വിതരണത്തിനും പരസിഥിതി പ്രശ്‌നങ്ങള്‍ക്കും ഉപജീവന പ്രതിസന്ധിയിലേക്കും പ്രാദേശിക ജനതയുടെ പോഷകാഹാര ദാരിദ്ര്യത്തിലേക്കും നയിച്ചിട്ടുണ്ട്. അതിനാല്‍ കേരള വികസനം സുസ്ഥിര വികസന സാധ്യതകള്‍ ഉള്‍ക്കൊണ്ടുള്ള ഒരു ജനകീയ മുന്നേറ്റമായി മാറണം.
എം എസ്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എന്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
നൂറ് കണക്കിന് വര്‍ഷങ്ങളായി ഒരു പ്രാദേശികജനത സ്വന്തം അധിവാസ ഭൂമികയില്‍ നിന്ന് നിരീക്ഷണ പരീക്ഷണങ്ങളിലൂടെ നേടിയെടുത്ത പ്രായോഗികമായ നാട്ടുജ്ഞാനങ്ങള്‍ കൈമാറുന്ന വേദിയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ കര്‍ഷക സംവാദങ്ങള്‍.
ആഗോള വല്‍ക്കരണത്തെ തുടര്‍ന്ന് പ്രാദേശിക സംസ്‌കാരങ്ങളുടെ ഹരിത പൈതൃകങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
നാട്ടറിവിന്റെ യുക്തിയെ, ശാസ്ത്ര ബോധത്തെ പേറ്റന്റിന്റെ പേരില്‍ കവര്‍ന്നെടുക്കുന്നതിനെതിരെ നാട്ടുനൈപുണികളുടെ പ്രതിരോധ നിര ഉയരണം. മനുഷ്യനും വൈവിധ്യ സസ്യങ്ങളും പ്രകൃതി പ്രതിഭാസങ്ങളും മറ്റും മണ്ണിരയും വൈവിധ്യ സസ്യങ്ങളും കൈകോര്‍ത്ത ഒരു പ്രപഞ്ച സൗഹൃദത്തിന്റെ പതികാലം കാര്‍ഷിക ജീവിതത്തിനുണ്ടായിരുന്നു. അത് കൈവിടാതെ സംരക്ഷിക്കാന്‍ നമുക്കാവണം. ഡോ. അനില്‍ കുമാര്‍ ഓര്‍മ്മപ്പെടുത്തി.
അനില്‍ അക്കര, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടാട്ട്, കെ വി ഉത്തമന്‍,അസിസ്റ്റന്റ് കോണ്‍സര്‍വേറ്റര്‍, വനം വകുപ്പ്; ഡോ. പി. ഇ. രാജശേഖരന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്; ഡോ. പി. ഇന്ദിരാദേവി, ഡോ. ജിജു പി അലക്‌സ്, കേരള കാര്‍ഷിക സര്‍വ്വകലാശാല; ഡോ. എസ്. ഗ്രിഗറി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.