Connect with us

Kozhikode

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ സൗജന്യ ചികിത്സയും മരുന്നും

Published

|

Last Updated

കോഴിക്കോട്: ഇന്ന് മുതല്‍ കോഴിക്കോട് സ്വപ്‌നനഗരിയില്‍ ആരംഭിക്കുന്ന മൂന്നാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ സൗജന്യ ചികിത്സയും മരുന്ന് വിതരണവും ഉണ്ടാകും. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ദിവസവും രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. കേരളത്തിലെ 25 പ്രമുഖ ഹോസ്പിറ്റലുകളുടെ ക്ലിനിക് യൂനിറ്റുകളാണ് സൗജന്യ ക്ലിനിക്കുകള്‍ ഒരുക്കുന്നത്. രോഗികള്‍ക്ക് വിതരണം ചെയ്യാനായി 15 ലക്ഷം രൂപയുടെ മരുന്നുകളും ഫെസ്റ്റിവല്‍ നഗരിയില്‍ എത്തിച്ചിട്ടുണ്ട്. നൂറോളം ഹോസ്പിറ്റലില്‍ സൗജന്യ നിരക്കില്‍ തുടര്‍ ചികിത്സ നേടാനുള്ള ഡിസ്‌കൗണ്ട് കാര്‍ഡുകളും പരിശോധനയോടൊപ്പം വിതരണം ചെയ്യും.
അസ്ഥി മജ്ജ സാന്ദ്രത, ബി എം എസ് നിര്‍ണയം തുടങ്ങിയവയും സൗജന്യമായി ലഭിക്കും. ആധുനിക രോഗ നിര്‍ണയ സഹായിയായ എം ആര്‍ ഐ, സി ടി സ്‌കാന്‍, രക്ത പരിശോധനകള്‍, എക്‌സ് റേ തുടങ്ങിയവ സൗജന്യ നിരക്കിലും ഫെസ്റ്റിവലില്‍ ലഭ്യമാക്കും.
സ്ത്രീരോഗങ്ങള്‍, കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍, ബാല രോഗങ്ങള്‍, അലര്‍ജി, ആസ്തമ, ത്വക്ക് രോഗം, പ്രമേഹം, നേത്രരോഗങ്ങള്‍, തൊണ്ട, ചെവി, മൂക്ക്, തൈറോയിഡ്, കേള്‍വികുറവ്, മൈഗ്രേന്‍, സ്ത്രീ പുരുഷ വന്ധ്യത, ഗര്‍ഭാശയ സംബന്ധ രോഗങ്ങള്‍, അള്‍സര്‍, ഹൃദ്രോഗം, വാതം തുടങ്ങി നിരവധി രോഗങ്ങള്‍ക്കായുള്ള ചികിത്സയും മരുന്നുകളുമാണ് സൗജന്യ ക്ലിനിക്കില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഡോ. പി എം വാര്യര്‍, ഇ ടി നീലകണ്ഠ മൂസത്, എന്‍ പി പി നമ്പൂതിരി, ഡോ. എസ് സജികുമാര്‍, ഡോ.ബേബികൃഷ്ണന്‍, ഡോ. പി കെ മുഹമ്മദ്, ഡോ. ഏലിയാസ് ബാബു, ഡോ. കെ എസ് വിമല്‍കുമാര്‍, ഡോ. സഹിര്‍ അലി, ഡോ. സനല്‍കുമാര്‍, ഡോ. പി സി മനോജ് കുമാര്‍, ഡോ. രമാദേവി, ഡോ. സല്‍സം പട്ടര്‍കടവന്‍ തുടങ്ങിയവര്‍ ചികിത്സക്ക് നേതൃത്വം നല്‍കും.
ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. അടുത്തമാസം രണ്ടിന് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന വിഷന്‍ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രി പ്രസംഗിക്കും.
പൊതുജനങ്ങള്‍ക്കായി വിവിധ സ്റ്റാളുകള്‍, ഔഷധസസ്യ പ്രദര്‍ശനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ആയുഷ് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹകരണത്തോടെ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷനാണ് ഫെസ്റ്റിവലിന് ചുക്കാന്‍ പിടിക്കുന്നത്.