കാലങ്ങളായി വാടക നല്‍കിയില്ല; ലീഗ് ഓഫീസ് നേരം പുലര്‍ന്നപ്പോള്‍ ചെഞ്ചായമണിഞ്ഞു

Posted on: January 31, 2016 12:12 pm | Last updated: January 31, 2016 at 12:12 pm
SHARE

മുക്കം: അഞ്ച് വര്‍ഷത്തോളമായി മുസ്‌ലിം ലീഗ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നേരം പുലര്‍ന്നപ്പോള്‍ ഡി വൈ എഫ് ഐ യൂത്ത് സെന്റര്‍. അതും ചുവന്ന പെയിന്റടിച്ച്. കൊടിയത്തൂര്‍ പഞ്ചായത്തിലെ തെനങ്ങ പറമ്പിലാണ് സംഭവം. നേരം പുലര്‍ന്ന് നാട്ടുകാര്‍ അത്ഭുതത്തോടെ കാര്യമന്വേഷിച്ചപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് പിടി കിട്ടിയത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് വാടക കുടിശ്ശികയുടെ പേരില്‍ ഉടമ റൂം പൂട്ടി സീല്‍ വെച്ചതാണ്.
നിരവധി തവണ ചോദിച്ചിട്ടും വാടക നല്‍കാതായപ്പോള്‍ ഉടമ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഒരു തവണ ഓഫീസ് പൂട്ടിയതാണ്. എന്നാല്‍ ആ സമയം മാനക്കേടോര്‍ത്ത് കുറച്ച് പണം നല്‍കി പ്രശ്‌നം തത്കാലം ഒതുക്കി. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ഇതോടെ വാടകയുടെ അവസ്ഥ പഴയ നിലയില്‍ തന്നെയായി. തുടര്‍ന്ന് കെട്ടിട ഉടമ ഓഫീസ് രണ്ട് പൂട്ടിട്ട് പൂട്ടുകയായിരുന്നു. അവസരം മുന്നില്‍ കണ്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. ഓഫീസ് വാങ്ങി അന്ന് രാത്രി തന്നെ ചുവന്ന പെയിന്റടിച്ച് യൂത്ത് സെന്ററെന്ന പേരും നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here