Connect with us

Malappuram

പ്രവാസത്തിന് അവധി നല്‍കി; കൃഷിയില്‍ നൂറ് മേനി

Published

|

Last Updated

സുഹൃത്തുക്കളായ ബദറുദ്ദീനും അബ്ദുല്‍റശീദും വയലില്‍ തൊഴിലാളികളോടൊപ്പം

മലപ്പുറം: പ്രവാസത്തിന് അവധി നല്‍കി നാട്ടിലെത്തിയ യുവാക്കള്‍ കൃഷിയില്‍ വിജയം കൊയ്യുന്നു. ഊരകം കുറ്റാളൂരിലെ പൊതാപറമ്പത്ത് ബദറുദ്ദീനും കുന്നഞ്ചേരി അബ്ദുല്‍റശീദുമാണ് കൃഷിയില്‍ പുതുതലമുറക്ക് മാതൃകയാകുന്നത്. വായാളിപ്പാടത്തെ രണ്ടര ഏക്കര്‍ വയല്‍ പാട്ടത്തിനെടുത്താണ് നെല്ലും പച്ചക്കറികളും കൃഷി ചെയ്യുന്നത്.
സുഹൃത്തുക്കള്‍ കൂടിയായ ഇവര്‍ പത്ത് വര്‍ഷത്തോളമായി സഊദി അറേബ്യയിലെ ജിദ്ദയിലായിരുന്നു. ഇരുവരും ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. മറ്റ് ജോലികളൊന്നും അറിയാത്തതിനാല്‍ കൃഷിയില്‍ തത്പരനായ ബദ്‌റുദ്ദീന്‍ സുഹൃത്ത് റശീദിനെയും കൂട്ടി കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കൃഷിയില്‍ ഗുരു തുല്യനായി കാണുന്ന വേങ്ങര പാലച്ചിറമാട് പള്ളിയാളി ഹംസയില്‍ നിന്ന് ലഭിച്ച കൃഷി പാഠങ്ങളുമായാണ് ബദ്‌റുദ്ദീന്‍ ലാഭ നഷ്ടങ്ങള്‍ നോക്കാതെ കൃഷിപ്പണിക്കിറങ്ങിയത്. വീടിന് അരക്കിലോമീറ്റര്‍ ദൂരെയുള്ള വയലിലെത്തി ഇരുവരും അതിരാവിലെ തന്നെ ജോലികള്‍ ആരംഭിക്കും. 62000 ത്തോളം രൂപയാണ് നെല്‍കൃഷിക്കായി ചെലവാക്കിയത്. രണ്ട് ടണ്‍ നെല്‍ കൊയ്‌തെടുത്തെങ്കിലും ലാഭ പ്രതീക്ഷ കുറവാണെന്ന് ഇവര്‍ പറയുന്നു. ഈ നഷ്ടം പച്ചക്കറി കൃഷിയിലൂടെ നികത്താനാണ് തീരുമാനം.
പയര്‍, വെണ്ട, ചുരങ്ങ, തണ്ണിമത്തന്‍, പടവലം എന്നിവയെല്ലാമാണ് ഇവരുടെ കൃഷിയിടത്തിലുള്ളത്. നനച്ചും വളമിട്ടും കള പറിച്ചും മുഴുവന്‍ സമയവും തോട്ടത്തിലുണ്ടാകുന്ന ഇവര്‍ക്ക് നഷ്ട കണക്കുകളേക്കാള്‍ വലുത് മണ്ണിനോടുള്ള സ്‌നേഹമാണ്. വര്‍ഷക്കാലമായാല്‍ മീന്‍ പിടുത്തവും ഇവരുടെ ഹരമാണ്.

 

---- facebook comment plugin here -----

Latest