Connect with us

International

ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും: ഫ്രാന്‍സ്

Published

|

Last Updated

പാരീസ്: ഇസ്‌റാഈല്‍- ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചു. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫേബിയസാണ് ഇസ്‌റാഈലിന് കനത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഫലസ്തീനിനെയും ഇസ്‌റാഈലിനെയും ഇവരോടൊപ്പം നില്‍ക്കുന്ന അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, അറബ് രാജ്യങ്ങളെയും വരുന്ന ആഴ്ച മേശക്ക് ചുറ്റുമിരുത്തി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച നടത്താനുള്ള ശ്രമത്തിലാണ് ഫ്രാന്‍സ്. ഇത് പാരീസ് നടത്തുന്ന അവസാനത്തെ ശ്രമമാണ്. ഇതിലും പരാജയപ്പെടുകയാണെങ്കില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്ന ഉത്തരവാദിത്വം രാജ്യം സ്വീകരിക്കും.

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗം എന്ന നിലയില്‍ ഇസ്‌റാഈലിനും ഫലസ്തീനിനും ഇടയില്‍ സമാധാനം കണ്ടെത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കോളനിവത്കരണം തുടരുകയാണ്. ഇസ്‌റാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തില്‍ അതിര് ലംഘിച്ചിരിക്കുകയാണ്. നെതന്യാഹു നടത്തുന്ന നിയമവിരുദ്ധമായ കോളനിവ്തകരണം അവസാനിപ്പിക്കണമെന്ന് ഓര്‍മിപ്പിച്ച ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലിനെ ഭീകരത പ്രോത്സാഹിപ്പിക്കുന്ന ആളായാണ് നെതന്യാഹു വിശേഷിപ്പിച്ചത്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 50 വര്‍ഷമായി ഫലസ്തീനികളുടെ ഭൂമി നിയമവിരുദ്ധമായി പിടിച്ചെടുക്കല്‍ തുടരുന്ന ഇസ്‌റാഈലിന്റെ നടപടിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം ബാന്‍ കി മൂണ്‍ രംഗത്തെത്തിയിരുന്നു. ഈ നടപടി പ്രകോപനപരമാണെന്നും രണ്ട് രാഷ്ട്രം എന്ന പരിഹാരനടപടിക്ക് വിഘാതം നില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
നെതന്യാഹുവിന്റെയും ഇസ്‌റാഈലിന്റെയും നിയമവിരുദ്ധ അധിനിവേശത്തിനെതിരെ അടുത്തിടെ വന്‍ വിമര്‍ശമാണ് ഉയര്‍ന്നുവരുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഐക്യരാഷ്ട്ര സഭയും ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇസ്‌റാഈല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അടുത്തിടെ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും ഗാസയിലും ഫലസ്തീനികള്‍ നടത്തുന്ന പ്രതിഷേധങ്ങളും ശക്തിപ്രാപിച്ചിട്ടുണ്ട്.

Latest