Connect with us

International

മകളെ 30 വര്‍ഷം വീട്ടില്‍ അടച്ചിട്ട ഇന്ത്യക്കാരന് 23 കൊല്ലം തടവ്

Published

|

Last Updated

ബാലയും മകള്‍ കാത്തിയും

ലണ്ടന്‍: ബ്രിട്ടനില്‍ രഹസ്യമായി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇന്ത്യന്‍ വംശജനായ അരവിന്ദന്‍ ബാലകൃഷ്ണനെ (75) ലൈംഗിക പീഡനം, ബലാത്സംഗം, സ്വന്തം മകളെ തടവില്‍ പാര്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് 23 വര്‍ഷം തടവ് വിധിച്ചു. അനുയായികള്‍ സഖാവ് ബാല എന്നു വിളിക്കുന്ന അരവിന്ദന്‍ ബാലകൃഷ്ണന് യു കെ യിലെ സൗത്ത്‌വാര്‍ക് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
തന്റെ അനുയായിയായ സഖാവ് സിയാന്‍ എന്നറിയപ്പെട്ട സിയാന്‍ ഡേവിസിലുണ്ടായ മകളെയാണ് ബാല 30 വര്‍ഷം മറ്റ് രണ്ട് അനുയായികള്‍ക്കൊപ്പം തടവില്‍ പാര്‍പ്പിച്ചത്. അനുയായികളായ സ്ത്രീകളെ ഇയാള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. 2013ല്‍ തടവില്‍ നിന്ന് രക്ഷപ്പെട്ട മകള്‍ കാത്തി മോഗ്രാന്‍ ഡേവിസാണ് ബാലക്കെതിരെ കോടതിയെ സമീപിച്ചത്. അടിമത്തത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ സഹായത്തോടെയായിരുന്നു കാത്തിയുടെ മോചനം.
ഇപ്പോള്‍ 33 വയസ്സുള്ള കാത്തി തന്റെ പിതാവിന്റെ ക്രൂരതകളെ കുറിച്ച് കോടതിയില്‍ വിശദീകരിച്ചു. ചിറകുകള്‍ കൂട്ടിക്കെട്ടി കൂട്ടലടച്ചിട്ട പക്ഷിയെ പോലെയായിരുന്നു താനെന്നാണ് അവര്‍ കോടതിയെ അറിയിച്ചത്. സ്റ്റാലിന്‍, മാവോ, പോള്‍ പോട്, സദ്ദാം ഹുസൈന്‍ എന്നിവരെയാണ് പിതാവ് ദൈവങ്ങളെ പോലെ ആരാധിച്ചിരുന്നതെന്നും ഇവരെ വിമര്‍ശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും കാത്തി കോടതിയില്‍ പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ പോകാന്‍ എന്നല്ല നഴ്‌സറി പാട്ട് പാടാനോ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനോ പോലും തന്നെ പിതാവ് അനുവദിച്ചിരുന്നില്ല- കാത്തി വിശദീകരിച്ചു. മകളെ പുറം ലോകത്തുനിന്ന് സംരക്ഷിക്കാനെന്ന പേരില്‍ അവളോട് ക്രൂരതയാണ് കാട്ടിയതെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. മകള്‍ക്ക് ഒരു വ്യക്തിയെന്ന പരിഗണന പോലും ബാല നല്‍കിയില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, താന്‍ ബലാത്സംഗം ചെയ്തിട്ടില്ലെന്നും തന്നോട് അസൂയയുള്ള സ്ത്രീകളാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ബാല കോടതിയില്‍ വാദിച്ചു. ഇയാളുടെ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാത്തിയെ തടവില്‍ നിന്ന് മോചിപ്പിച്ച പാം കോവ് സൊസൈറ്റി എന്ന സന്നദ്ധ സംഘടനക്ക് 500 പൗണ്ട് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ജനിച്ച് സിംഗപ്പൂരില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ അരവിന്ദന്‍ ബാലകൃഷ്ണന്‍ തെക്കന്‍ ലണ്ടനില്‍ ഒരു കാലത്ത് രഹസ്യ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. എന്നാല്‍, 1974ല്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്ന് മവോ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

Latest