ഗാന്ധിയെ വധിച്ചത് ഭ്രാന്തനെന്ന് ഉമാ ഭാരതി

Posted on: January 31, 2016 9:12 am | Last updated: January 31, 2016 at 9:17 am

uma bharathiന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചത് ഒരു ഭ്രാന്തനാണെന്ന് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ ഉമാ ഭാരതി. വധിക്കപ്പെട്ടെങ്കിലും ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ എക്കാലത്തും നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ഇന്നലെ സ്വച്ച് ഗംഗ- ഗ്രാമീണ്‍ സഹ്ഭാഗിത എന്ന പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ഉമാ ഭാരതി. ഗംഗ ശുചീകരിക്കുന്നതിന് നദിയുടെ തീരത്തെ ഗ്രാമപഞ്ചായത്തുകള്‍ കൈകോര്‍ക്കണമെന്ന് അവര്‍ പറഞ്ഞു.
ഈ ആവശ്യം ഉന്നയിച്ച് താന്‍ പദയാത്ര സംഘടിപ്പിക്കും. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗംഗാ ശുചീകരണവുമായി ബന്ധപ്പെട്ട് ഗ്രാമ നേതാക്കളോട് സംസാരിക്കാന്‍ ഈ ദിവസം തന്നെ അവസരം ലഭിച്ചത് നല്ലതായി കണക്കാക്കുന്നു. കഴിഞ്ഞ 29 വര്‍ഷത്തിനിടെ ഗംഗ ശുചീകരിക്കുന്നതിന് 4000 കോടി രൂപ ചെലവിട്ടെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതേ ലക്ഷ്യത്തിനായി എന്‍ ഡി എ സര്‍ക്കാര്‍ അനുവദിച്ച 20,000 കോടി രൂപ സമര്‍ഥമായി ഉപയോഗിച്ചാല്‍ ലോകത്തെ ഏറ്റവും ശുദ്ധമായ പത്ത് നദികളില്‍ ഗംഗയെയും ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു