Connect with us

Ongoing News

പത്ത് സ്വര്‍ണവുമായി കേരളത്തിന്റെ കുതിപ്പ്

Published

|

Last Updated

കോഴിക്കോട്: ട്രാക്കിലും ഫീല്‍ഡിലും തീക്കനല്‍ ചൊരിയുന്ന കൗമാര കുതിപ്പിന്റെ രണ്ടാം ദിനവും കേരളത്തിന് സ്വന്തം. എതിര്‍ ടീമുകളുടെ പരിചയക്കുറവും അനുകൂല അന്തരീക്ഷവും മുതലെടുത്ത് കേരളം കുതിച്ചപ്പോള്‍ പല ഇനങ്ങളിലും വിജയം ഏകപക്ഷീയമായി. ആകെയുള്ള 95 ഇനങ്ങളില്‍ 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പത്ത് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലവുമടക്കം 69 പോയിന്റുകളുമായി കേരളം ബഹുദൂരം മുന്നിലാണ്. രണ്ട് സ്വര്‍ണവും നാല് വെള്ളിയും നേടി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
ഇന്നലെ നടന്ന 15 ഫൈനലുകളില്‍ ആറ് സ്വര്‍ണമാണ് കേരളത്തിന് ലഭിച്ചത്. ട്രാക്കില്‍ കേരളത്തിന്റെ പുരുഷ താരങ്ങളെല്ലാം നിരാശരാക്കി. വനിതാ വിഭാഗത്തില്‍ ഉഷയുടെ ശിഷ്യകളുടെ തോളിലേറി രണ്ട് സ്വര്‍ണം ലഭിച്ചു. സീനിയര്‍ ഗേള്‍സ് 400 മീറ്റര്‍ ഓട്ടത്തില്‍ ഷഹര്‍ബാന സിദ്ദീഖ്, ജൂനിയര്‍ ഗേള്‍സ് 400 മീറ്ററില്‍ കെ സ്‌നേഹ എന്നിവരാണ് നേട്ടം കൊയ്തത്. സബ് ജൂനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോയില്‍ പി എ അതുല്യ, ജൂനിയര്‍ ഗേള്‍സ് പോള്‍ വാള്‍ട്ടില്‍ ദിവ്യ മോഹന്‍, ജൂനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു, ജൂനിയര്‍ ഗേള്‍സ് ലോംഗ് ജമ്പില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫ് എന്നിവരാണ് കേരളത്തിനായി ഇന്നലെ സ്വര്‍ണമണിഞ്ഞത്.