Connect with us

Articles

ഒരു കൊലപാതക കേസും നന്മ-തിന്മകളുടെ നേര്‍സാക്ഷ്യങ്ങളും

Published

|

Last Updated

“എനിക്ക് പണം വേണ്ട, നിങ്ങളുടെ യാതൊന്നും വേണ്ട. എന്റെ ബോസേട്ടനെ തിരിച്ചു തരാന്‍ പറ്റ്വോ?” ആ ചോദ്യത്തില്‍ എല്ലാമുണ്ടായിരുന്നു. നിസ്സഹായതയും കടുത്ത വേദനയും നിഴലിട്ട ഈ ചോദ്യമുയര്‍ന്നത് തന്റെ നല്ല പാതിയെ നഷ്ടപ്പെട്ട ഒരു സ്ത്രീയില്‍ നിന്നാണ്. ആരുടെയും കരളലിയിക്കുന്ന, ആരും വിറങ്ങലിച്ചു നിന്നുപോകുന്ന ചോദ്യം ഏറ്റുവാങ്ങേണ്ടി വന്നത് കൊലപാതക കേസില്‍ ജീവപര്യന്തത്തിനും 24 വര്‍ഷത്തെ കഠിന തടവിനും കോടതി ശിക്ഷിച്ചയാളുടെ വയോധികനായ ബന്ധുവും. ഒരു സാഹിത്യകാരനും അനുഭവിപ്പിക്കാനാകാത്ത പച്ചയായ ജീവിത രംഗത്തിന് സാക്ഷിയാവുകയായിരുന്നു കോടതി പരിസരത്ത് കൂടിനിന്നവര്‍. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ ഭാര്യ ജമന്തിയും ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി ശിക്ഷിച്ച നിസാമിന്റെ പിതൃ സഹോദരനായ അബ്ദുല്‍ ഖാദറുമായിരുന്നു കഥാപാത്രങ്ങള്‍. തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതി പരിസരമായിരുന്നു വേദി. വിവരണാതീതമായ ആത്മസംഘര്‍ഷം നെഞ്ചിലേറ്റേണ്ടി വന്ന രണ്ട് പേരുടെ സമാഗമത്തിന് സാക്ഷിയായത് ചന്ദ്രബോസിന്റെ വീട്ടുകാരും നാട്ടുകാരും മാധ്യമ പ്രവര്‍ത്തകരും.
ജമന്തിയുടെ ചോദ്യം മനഃസാക്ഷി മരവിക്കാത്ത ആരെയും അടിമുടി പിടിച്ചുലക്കും. സമൂഹത്തെ അരാജകത്വത്തിലേക്കും ഭയാശങ്കകളിലേക്കും തള്ളിവിടുന്ന കാട്ടാളന്മാര്‍ക്ക് നേരെയുള്ള ചാട്ടുളിയായും അത് മാറുന്നു. പണം ചാകര പോലെ കൈയില്‍ വന്ന് ചേര്‍ന്നപ്പോള്‍ നിസാം എന്ന വ്യവസായി തകര്‍ത്തെറിഞ്ഞത് ചന്ദ്രബോസിന്റെ കുടുംബത്തെ മാത്രമല്ല, സ്വന്തം കുടുംബത്തെ കൂടിയായിരുന്നു. കേസിലെ സാക്ഷികളും അവരുടെ കുടുംബങ്ങളും ഭീഷണികളെയും സമ്മര്‍ദങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നു. അങ്ങനെ അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെങ്കില്‍ കൂടി ക്രൂരമായ ഈ കൊലപാതക സംഭവം നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും അസഹനീയമായ പീഡകളിലേക്കാണ് വഴിതുറന്നത്. ഭര്‍ത്താവിന്റെ തിന്മകള്‍ക്ക് സാക്ഷിയായി കൂടെനില്‍ക്കേണ്ടി വന്ന നിസാമിന്റെ ഭാര്യക്ക് കോടതിയില്‍ കള്ളസാക്ഷി പറയേണ്ട അവസ്ഥയുണ്ടായി. ഇക്കാരണത്താല്‍ തന്നെ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടു. കൊലപാതക കേസിലെ പ്രതിയുടെ ഭാര്യയെന്ന നിലയില്‍ സമൂഹം കല്‍പ്പിക്കുന്ന കളങ്കവും അവര്‍ക്കേറ്റു വാങ്ങേണ്ടി വന്നു. ഇതിനിടയിലാണ് വിശാല മനസ്‌കയായ മറ്റൊരു സ്ത്രീ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.
ഒന്നാം സാക്ഷി അനൂപ് നേരത്തെ പോലീസില്‍ നിസാമിനെതിരായി നല്‍കിയ മൊഴികള്‍ കോടതിയില്‍ തിരുത്തിപ്പറഞ്ഞത് ജീവന് നേരെ ഭീഷണിയുയര്‍ന്നതു കൊണ്ടാണ്. മൊഴി നല്‍കി കോടതിയില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍ ചന്ദ്രബോസുമായി ബന്ധപ്പെട്ടവര്‍ കോടതി പരിസരത്ത് വച്ചു തന്നെ അനൂപിനെ കൈയേറ്റം ചെയ്യാന്‍ ഇതിടയാക്കി. പിറ്റേന്ന് കേസിലെ നാടകീയ സംഭവ വികാസങ്ങളിലേക്ക് ഒരധ്യായം കൂടി എഴുതിച്ചേര്‍ത്ത് അനൂപ് വീണ്ടും പഴയ മൊഴിയിലേക്ക് തന്നെ തിരിച്ചുപോയി. അതിന് അദ്ദേഹം കോടതിയില്‍ പറഞ്ഞ കാരണമാണ് മുകളില്‍ പറഞ്ഞ സ്ത്രീയെ പ്രസക്തയാക്കുന്നത്. “ഞാനിന്നലെ ഉറങ്ങിയിട്ടില്ല. ഒരുവശത്ത് പ്രതിയുടെ ഭാഗത്തുള്ളവരില്‍ നിന്നുയരുന്ന ഭീഷണിയും സമ്മര്‍ദവും. മറുഭാഗത്ത് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന്റെ കണ്ണീരില്‍ വിങ്ങിയ മുഖം. ഇതിനിടയില്‍ തീതിന്നുകൊണ്ടിരുന്നപ്പോള്‍ എന്ത് തന്നെ സംഭവിച്ചാലും ശരി, നിങ്ങള്‍ സത്യത്തിന്റെയും ശരിയുടെയും പക്ഷത്ത് നില്‍ക്കണമെന്ന് ഭാര്യ എന്റെ കാതുകളില്‍ മന്ത്രിച്ചു. സത്യത്തിലേക്ക് മടങ്ങാനുള്ള ഉറച്ച തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് അതാണ്.” ധീരതയുടെയും നന്മയുടെയും സമന്വയമായി അനൂപിന്റെ ഭാര്യയുടെ ഇടപെടല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകാന്‍ കൂടിയാണ് സഹായിച്ചത്.
ഈ സ്ത്രീയുടെ മാനസിക വിശാലത മറ്റ് ചില സമകാലീന സംഭവങ്ങളെ കൂടി ഓര്‍മയിലേക്ക് കൊണ്ടുവരികയാണ്. നഗരത്തിന്റെ എല്ലാ വിഷമാലിന്യങ്ങളും പേറുന്ന ഓട നന്നാക്കാനിറങ്ങി അതില്‍ പെട്ടുപോയ രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നൗഷാദ് എന്ന ചെറുപ്പക്കാരന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചതാണ് ഇതിലൊന്ന്. ഇതര സംസ്ഥാനക്കാര്‍, അന്യ മതസ്ഥര്‍ തുടങ്ങിയ വേലിക്കെട്ടുകളെല്ലാം പൊളിച്ചെറിഞ്ഞ് മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാഴ്ചവക്കുകയായിരുന്നു നൗഷാദ്. ഇതിനു മുമ്പും പല രൂപത്തിലുള്ള ജീവന്‍ രക്ഷാ ദൗത്യങ്ങളേറ്റെടുത്ത് ഈ ചെറുപ്പക്കാരന്‍ മാനവികതയുടെ അസുലഭ സൗരഭ്യം പരത്തിയിരുന്നുവെന്ന് വീട്ടുകാര്‍ പോലും അറിഞ്ഞത് രക്തസാക്ഷിത്വത്തിന് ശേഷം മാത്രമാണ്. വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ റഊഫ് എന്ന ഇരുപത്തിനാലുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദിവാസി ഗോത്രത്തില്‍ പെട്ട ബാബുവിന് ജീവത്യാഗം ചെയ്യേണ്ടിവന്നത്. സമീപത്തെ ഒരു റിസോര്‍ട്ടില്‍ ജോലിയിലേര്‍പ്പെട്ടിരിക്കെ, റഊഫിന്റെ കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ ബാബുവിന് ജീവന് വേണ്ടി പിടയുന്ന ഒരു സഹോദരനെ രക്ഷപ്പെടുത്തണമെന്ന ചിന്ത മാത്രമെ മനസ്സിലുണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഗേറ്റ് തുറന്നുതന്നില്ലെന്ന നിസ്സാര കാരണത്തിന് ചന്ദ്രബോസ് എന്ന സുരക്ഷാ ജീവനക്കാരനെ വാഹനം കൊണ്ടിടിച്ചു കൊന്ന് ശിക്ഷിച്ച നിസാമിന് മുന്നില്‍, അല്ലെങ്കില്‍ പണക്കൊഴുപ്പിന്റെയും ധാര്‍ഷ്ഠ്യത്തിന്റെയും അധികാര ഗര്‍വിന്റെയും പതിപ്പുകളായവര്‍ക്ക് മുന്നില്‍ രക്ഷയുടെയും സാഹോദര്യ ബോധത്തിന്റെയും സര്‍വോപരി മാനവികതയുടെയും നല്ല പാഠം പഠിപ്പിക്കുകയാണ് നൗഷാദ്-ബാബുമാര്‍. കൂടെ അനൂപിന്റെ ഭാര്യയും. അസഹിഷ്ണുതയും വെറുപ്പും അകല്‍ച്ചയും വളര്‍ത്താന്‍ അധികാര കേന്ദ്രങ്ങള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന കലുഷിതമായ വര്‍ത്തമാന കാലത്ത് ഏതെങ്കിലും കോണുകളില്‍ നിന്നായി മനുഷ്യത്വത്തിന്റെ ഇത്തരം പ്രകാശനാളങ്ങള്‍ ഉയരുന്നതാണ് നന്മയുടെ പക്ഷക്കാര്‍ക്ക് ആശ്വാസവും ആശയും പകരുന്നത്.
അതേസമയം, സമൂഹത്തില്‍ ചിലര്‍ നന്മയുടെയും മറ്റു ചിലര്‍ തിന്മയുടെയും പാതയിലൂടെ ചരിക്കുന്നത് എന്തുകൊണ്ടാണെന്ന വിശദമായ ഒരു പഠനം സാമൂഹ്യ ശാസ്ത്രജ്ഞന്മാരില്‍ നിന്നും മനശാസ്ത്രജ്ഞരില്‍ നിന്നും ഈ പശ്ചാത്തലത്തില്‍ കൂടുതലായി ഉണ്ടാകേണ്ടതുണ്ടെന്ന് തോന്നുന്നു. നിസാമിനെ പോലെ സൗമ്യയെ കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയും ഒരു സാഡിസ്റ്റിക് (മറ്റുള്ളവരെ മനപൂര്‍വം വേദനിപ്പിക്കല്‍) മനസ്സിന് ഉടമയായിരുന്നുവെന്ന് വേണം കരുതാന്‍. ബലാത്സംഗം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് തല കല്ലിലിട്ടിടിച്ച് അതിക്രൂരമായ രീതിയില്‍ സൗമ്യയെ കൊല്ലേണ്ടിയിരുന്നില്ലല്ലോ. ശിക്ഷ അനുഭവിച്ച് പൊതു സമൂഹത്തിലേക്ക് തിരിച്ചെത്തുന്ന ക്രിമിനലുകള്‍ക്ക് മാനസാന്തരമുണ്ടാകുന്നത് അപൂര്‍വം മാത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന് ചന്ദ്രബോസിന്റെ ഭാര്യ കോടതി വിധി കേട്ട ശേഷം പ്രതികരിച്ചത്. ഭര്‍ത്താവിന്റെ സ്‌നേഹവും ആലംബവും നഷ്ടപ്പെട്ട ഒരു സ്ത്രീയില്‍ നിന്ന് അങ്ങനെയൊരു പ്രതികരണമുണ്ടാകുന്നതിനെ കുറ്റപ്പെടുത്താനാകില്ല.
എന്നാല്‍ അതുകൊണ്ട് സമൂഹത്തില്‍ നിന്ന് ക്രിമിനലിസം ഒഴിവാക്കാനാകില്ലെന്നത് പച്ചവെള്ളം പോലെ സത്യമാണ്. വളര്‍ന്നു വരുന്ന സാഹചര്യങ്ങളാണ് ക്രിമിനലുകളെ സൃഷ്ടിക്കുന്നതെങ്കില്‍ അതില്ലാതാക്കുന്നതിന് ആവശ്യമായ സജീവ പഠനങ്ങള്‍ സംഘടിപ്പിക്കുകയും അതീവ ഗൗരവതരമായ ഇടപെടലുകള്‍ നടത്തുകയുമാണ് വേണ്ടത്. ജനസേവനം ലക്ഷ്യമെന്ന നിലയില്‍ അധികാര സോപാനങ്ങളിലേറിയവര്‍ ഇതിന് നേതൃത്വം നല്‍കേണ്ടതുണ്ട്. എന്നാല്‍ ജനസമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കേണ്ട, ജനക്ഷേമത്തിന്റെയും നീതിയുടെയും കാവലാളുകളാകേണ്ട നാടുവാഴികള്‍ തന്നെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും സുഖഭോഗങ്ങളില്‍ രമിക്കുമ്പോള്‍ ഇതെങ്ങിനെ സാധ്യമാകുമെന്ന ചോദ്യവും പ്രസക്തമാവുകയാണ്. മോന്തായം വളഞ്ഞാല്‍ കഴുക്കോലും വളയാതിരിക്കുന്നതെങ്ങിനെ?!

---- facebook comment plugin here -----

Latest