നനഞ്ഞിടം കുഴിക്കുന്ന ചൈന

വെറും കാഴ്ചക്കാരനായിരിക്കാന്‍ ചൈന തയ്യാറല്ല. ഉപരോധം നിലനിന്നപ്പോഴും ഇറാനോട് സൈനിക, സാമ്പത്തിക ബന്ധം പുലര്‍ത്തിയ തങ്ങള്‍ക്ക് ഉപരോധാനന്തര ഇറാനില്‍ കണ്ണായ ഇടത്ത് തന്നെ ഇരിപ്പിടമുണ്ടെന്ന് ചൈന കണക്കുകൂട്ടുന്നു. ആ സമ്മോഹനമായ സിംഹാസനം ഒന്നുറപ്പിക്കുകയായിരുന്നു സി ജിന്‍പിംഗിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 'ശത്രു മുന്നേറുമ്പോള്‍ നാം ഒന്നു പിന്നാക്കം നില്‍ക്കണം, ശത്രു പിന്നാക്കം പോകുമ്പോള്‍ നാം അവനെ പിന്തുടരണം' മാവോ സേതൂങ്ങിന്റെ ഈ വാക്യമാണ് ജിന്‍പിംഗിന് വഴി കാണിച്ചത്. അമേരിക്കക്കും അവരുടെ കൂട്ടാളികള്‍ക്കും ഇത് പരീക്ഷണ കാലമാണ്. അപ്പോള്‍ അവരുടെ മടകളില്‍ ചെന്ന് തന്നെ വെല്ലുവിളിക്കണം. അവര്‍ വിരിച്ചിടത്തു കിടക്കണം.
ലോകവിശേഷം
Posted on: January 31, 2016 5:52 am | Last updated: January 30, 2016 at 11:56 pm

xi_jinping_china_president_2012_11_15ചൈനയുടെ പുതിയ വിദേശ നയത്തെ വിശേഷിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ പ്രയോഗം ‘നോ എനിമി പോളിസി’യെന്നാണ്. ആരോടും ശത്രുതയില്ല. എന്നുവെച്ചാല്‍ ആരോടും പ്രത്യേകിച്ച് മമതയില്ല. ബിസിനസ്സ് ടു ബിസിനസ്സ് പോളിസിയെന്നും പറയാം. സാമ്പത്തികാധിഷ്ഠിത നയതന്ത്രം. ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് മധ്യപൗരസ്ത്യ ദേശത്തേക്ക് കഴിഞ്ഞ ദിവസം നടത്തിയ യാത്ര ശ്രദ്ധേയമാകുന്നത് ഈ നയത്തിന്റെ കൗശലപൂര്‍ണമായ നടത്തിപ്പിലൂടെയാണ്. അദ്ദേഹം മൂന്ന് രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്- ഇറാന്‍, ഈജിപ്ത്, സഊദി അറേബ്യ. പതിനാല് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് നേതാവ് ഇറാനിലെത്തിയത്. 17 കരാറുകളാണ് ഇറാനില്‍ പിറന്നത്. അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജം, പഴയ സില്‍ക്ക് പാതയുടെ പുനരുജ്ജീവനം തുടങ്ങിയ മേഖലകളില്‍ ഈ കരാറുകള്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മൂല്യം പത്ത് വര്‍ഷത്തിനകം 60000 കോടി ഡോളറാക്കി ഉയര്‍ത്താന്‍ കരാറുകള്‍ ലക്ഷ്യം വെക്കുന്നു. ഇപ്പോഴത് 5000 കോടി ഡോളറിന്റെത് മാത്രമാണ്. ഈജിപ്തിന് നൂറ് കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സഊദിയുമായി സമഗ്ര ഉഭയ കക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള കരാറില്‍ ഒപ്പു വെച്ചു. ആണവ നിലയം പണിയുന്നതിനുള്ള കരാറുമായി. ഈ കരാറുകള്‍ സി ജിന്‍പിംഗിന്റെ സന്ദര്‍ശനത്തിന്റെ പണപരമായ തലം മാത്രമേ പ്രദര്‍ശിപ്പിക്കുന്നുള്ളൂ. മഞ്ഞു മലയുടെ തുമ്പ് മാത്രം. തന്ത്രപരമായ ഇടപെടലുകളുടെ കൊടുമുടികള്‍ ഒളിഞ്ഞു കിടക്കുകയാണ്. മേഖലയില്‍ ചൈന കൈകൊള്ളാന്‍ പോകുന്ന ദീര്‍ഘകാല നിലപാടുകളുടെ ഉദ്ഘാടനമാണ് ജിന്‍പിംഗ് നടത്തിയത്. സാഹചര്യങ്ങളെ പരമാവധി മുതലാക്കുകയെന്നത് തന്നെയാണ് ലക്ഷ്യം.
എന്തൊക്കെയാണ് സവിശേഷ സാഹചര്യങ്ങള്‍? ഈജിപ്തിനെ മാറ്റി നിര്‍ത്താം. ഇറാനിലും സഊദിയിലും സാഹചര്യങ്ങള്‍ അപ്പടി മാറിയിരിക്കുന്നു. അമേരിക്കയടക്കമുള്ള ആറ് രാഷ്ട്രങ്ങളുമായി ഇറാന്‍ എത്തിച്ചേര്‍ന്ന ആണവ കരാര്‍ പ്രാബല്യത്തിലായിരിക്കുന്നു. ആറ് മാസം മുമ്പ് വിയന്നയില്‍ ഒപ്പു വെച്ച കരാറിലെ വ്യവസ്ഥകളില്‍ ഇറാന്‍ വാക്കു പാലിച്ചിരിക്കുന്നുവെന്ന സര്‍ട്ടിഫിക്കറ്റാണ് അമേരിക്ക നല്‍കിയിരിക്കുന്നത്. നിലയങ്ങളില്‍ നിന്നെല്ലാം ആണവ ബോംബ് നിര്‍മിക്കാനുള്ള സന്നാഹങ്ങള്‍ നീക്കിയത്രേ. പല നിലയങ്ങളും അടച്ചു പൂട്ടുകയും ചെയ്തുവെന്ന് പറയുന്നു. ഈ വാക്കു പാലിക്കലിലൊന്നും വലിയ അര്‍ഥമില്ല. കാരണം, ഇറാന്‍ ആണവായുധ പരീക്ഷണം നടത്തുന്നുവെന്ന് ഒരു പരിശോധനയിലും തെളിഞ്ഞിട്ടില്ല. ഊര്‍ജാവശ്യത്തിനുള്ള പരീക്ഷണമേ തങ്ങള്‍ നടത്തുന്നുള്ളൂവെന്ന് ഇറാന്‍ പല തവണ ആണയിട്ടതാണ്. ഇതൊന്നും ചെവി കൊള്ളാതെ തികച്ചും രാഷ്ട്രീയമായ കാരണങ്ങളുടെ പുറത്ത് ക്രൂരമായ ഉപരോധം അടിച്ചേല്‍പ്പിക്കുകയായിരുന്നു അമേരിക്കയും കൂട്ടാളികളും. ഇപ്പോള്‍ രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ മാറിയപ്പോള്‍ ഇറാനുമായി അടുക്കാന്‍ ശ്രമിക്കുകയാണ് പാശ്ചാത്യ ശക്തികള്‍. ഇതിന്റെ ഭാഗമായി മാത്രമാണ് ഉപരോധങ്ങളെല്ലാം നീങ്ങുന്നതും ഇറാന്‍ മര്യാദ രാഷ്ട്രമാകുന്നതും. അഞ്ചു വര്‍ഷം മുമ്പ് ‘തിന്‍മയുടെ അച്ചു തണ്ടാ’യിരുന്നു ഇറാന്‍. ഇന്ന് വ്യവസ്ഥാപിത നയതന്ത്ര ബന്ധത്തിന് ‘പരിപക്വ’മാകാന്‍ മാത്രം ഒരു മാറ്റവും ഇറാനില്‍ ഉണ്ടായിട്ടില്ല. അഹ്മദി നജാദ് പോയി ഹസന്‍ റൂഹാനി പ്രസിഡന്റ് സ്ഥാനത്ത് വന്നുവെന്ന് മാത്രം. വെറും തലമാറ്റം. പാശ്ചാത്യ ജനാധിപത്യ മൂല്യങ്ങളെ അപ്രസക്തമാക്കുന്ന പരമോന്നത ആത്മീയ കൗണ്‍സില്‍ പോലുള്ള എല്ലാ സംവിധാനങ്ങളും അപ്പടി നിലനില്‍ക്കുന്നു. പാശ്ചാത്യരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇക്കഴിഞ്ഞ ദിവസമാണ് ആയത്തുല്ലാ ഖാംനഈ പ്രഖ്യാപിച്ചത്. ഇതൊന്നും അമേരിക്കക്ക് ഇപ്പോള്‍ പ്രശ്‌നമല്ല. അത്രക്ക് നില്‍ക്കള്ളിയില്ലായ്മയിലാണ് ലോക പോലീസ്. സിറിയയിലും ഇറാഖിലും തുടങ്ങി വെച്ച സൈനിക ദൗത്യം എങ്ങുമെത്താതെ നില്‍ക്കുന്നു. ഇവിടെ റഷ്യയുടെ ഇടപെടല്‍ തങ്ങളുടെ പദ്ധതികളാകെ തകര്‍ക്കുന്നു. കുടം തുറന്ന് വിട്ട ഇസില്‍ ഭൂതത്തെ തിരിച്ചു കുടത്തിലാക്കുക അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അധികാരത്തിലേറിയ ബരാക് ഒബാമക്ക് ഒരു യുദ്ധവും അവസാനിപ്പിക്കാനായില്ലെന്ന് മാത്രമല്ല പുതിയ യുദ്ധമുഖങ്ങള്‍ തുറക്കേണ്ടി വന്നിരിക്കുന്നു. ഒന്നും പൂര്‍ത്തിയാക്കാനാകാതെ പടിയിറങ്ങേണ്ടി വരുമെന്ന വേദനയിലാണ് അദ്ദേഹം. അത്‌കൊണ്ട് മധ്യ പൗരസ്ത്യ ദേശത്ത് ഇറാന്റെ കൂട്ട് അനിവാര്യമാണ്.
പെട്രോ പോരില്‍ സഊദിയെ തോല്‍പ്പിക്കാനും ഇറാന്‍ വേണം. വിപണിയിലേക്ക് ഇറാന്റെ എണ്ണ പമ്പു ചെയ്യാന്‍ സൗകര്യമൊരുക്കിയാണ് അത് സാധ്യമാക്കാന്‍ പോകുന്നത്. സാമ്രാജ്യത്വം അതിന്റെ സഖ്യ ശക്തികളെ തരാതരം മാറ്റിക്കൊണ്ടിരിക്കും. ഇപ്പോള്‍ സഊദിയെ കൈയൊഴിയുന്നതിന്റെയും വംശീയ വിഭജനത്തില്‍ ഇറാനെ പുണരുന്നതിന്റെയും ഘട്ടമാണ്. ദീര്‍ഘകാലം തങ്ങളുടെ താത്പര്യങ്ങളുടെ നടത്തിപ്പുകാരായിരുന്ന സഊദിയെ ഒരു ദാക്ഷീണ്യവുമില്ലാതെ സൗഹൃദത്തിന്റെ രണ്ടാം തട്ടിലേക്ക് മാറ്റുകയാണ്. ഉപരോധമൊഴിഞ്ഞ ഇറാനിലേക്ക് കോടിക്കണക്കിന് ഡോളറാണ് ഒഴുകാന്‍ പോകുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ മരവിച്ച് കിടന്ന നീക്കിയിരിപ്പ് പണമാകെ രാജ്യത്തേക്ക് തിരിച്ചെത്തുകയാണ്. നിശ്ചമായി നിന്നിരുന്ന അടിസ്ഥാന സൗകര്യ വികസനം അടക്കമുള്ള മേഖലകള്‍ വലിയ കുതിച്ചു ചാട്ടത്തിന് തയ്യാറായി നില്‍ക്കുന്നു. ഈ ഘട്ടത്തില്‍ കൂറ്റന്‍ വിപണിയാണ് തുറക്കാന്‍ പോകുന്നത്. സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത യു എസിനും യൂറോപ്യന്‍ യൂനിയനും ഈ കച്ചവടത്തിന്റെ നല്ല പങ്ക് കിട്ടിയാല്‍ വലിയ ആശ്വാസമാകും. ഇറാന്റെ വ്യാപര ദിശ അവര്‍ നിര്‍ണയിച്ചു കൊടുക്കും. ഇസ്‌റാഈലിനെ അനുനയിപ്പിച്ച് നിര്‍ത്താന്‍ ചില കുഞ്ഞു ഉപരോധങ്ങളൊക്കെ പ്രഖ്യാപിച്ചേക്കാം. പക്ഷേ, കച്ചവടത്തിന്റെ ചക്കരക്കുടത്തില്‍ കൈയിട്ട് വരാന്‍ തന്നെയാണ് നീക്കം. പാശ്ചാത്യ കമ്പനികള്‍ ടെഹ്‌റാനിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞു.
ഈ ഘട്ടത്തില്‍ വെറും കാഴ്ചക്കാരനായിരിക്കാന്‍ ചൈന തയ്യാറല്ല. ഉപരോധം നിലനിന്നപ്പോഴും ഇറാനോട് സൈനിക, സാമ്പത്തിക ബന്ധം പുലര്‍ത്തിയ തങ്ങള്‍ക്ക് ഉപരോധാനന്തര ഇറാനില്‍ കണ്ണായ ഇടത്ത് തന്നെ ഇരിപ്പടമുണ്ടെന്ന് ചൈന കണക്ക് കൂട്ടുന്നു. ആ സമ്മോഹനമായ സിംഹാസനം ഒന്നുറപ്പിക്കുകയായിരുന്നു സി ജിന്‍പിംഗിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ‘ശത്രു മുന്നേറുമ്പോള്‍ നാം ഒന്നു പിന്നാക്കം നില്‍ക്കണം, ശത്രു പിന്നാക്കം പോകുമ്പോള്‍ നാം അവനെ പിന്തുടരണം’ മാവോ സേതൂങ്ങിന്റെ ഈ വാക്യമാണ് ജിന്‍പിംഗിന് വഴി കാണിച്ചത്. അമേരിക്കക്കും അവരുടെ കൂട്ടാളികള്‍ക്കും ഇത് പരീക്ഷണ കാലമാണ്. അപ്പോള്‍ അവരുടെ മടകളില്‍ ചെന്ന് തന്നെ വെല്ലുവിളിക്കണം. അവര്‍ വിരിച്ചിടത്തു കിടക്കണം. കഷ്ടകാലത്ത് ഒപ്പം നിന്ന യഥാര്‍ഥ ബന്ധുവിന് അര്‍ഹതപ്പെട്ട സ്വീകരണം തന്നെയാണ് സി ജിന്‍പിംഗിന് ടെഹ്‌റാനില്‍ കിട്ടിയത്. ഈ സൗഹൃദത്തിന് സാമ്പത്തിക രൂപം കൈവന്നാല്‍ ചുവന്ന സൂര്യന്‍ പേര്‍ഷ്യന്‍ ആകാശത്ത് പരകോടി ശോഭയില്‍ ജ്വലിക്കും.
ചൈനയുടെ സ്വാഭാവിക വ്യാപാര പങ്കാളികളായ യൂറോപ്യന്‍ യൂനിയനിലെ മിക്ക രാജ്യങ്ങളും മാന്ദ്യത്തിലാണ്. ഏഷ്യയിലാണെങ്കില്‍ അമേരിക്ക ഇറങ്ങിക്കളിക്കുന്നത് ചൈനീസ് കുതിപ്പിന് തടയിടുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ അമേരിക്ക ഈയിടെ നടത്തിയ ഇടപെടലുകള്‍ ചൈനയുടെ നേതൃ ശേഷിയെ തളര്‍ത്തിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യയെ വിശ്വസ്ത പങ്കാളിയാക്കി മുന്നില്‍ നിര്‍ത്തി യു എസ് നടത്തുന്ന കരുനീക്കങ്ങള്‍ക്ക് ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി എന്നിവയുടെ പിന്തുണയുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടേ റിപ്പബ്ലിക്ക് ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ എത്തിയത് ഇതിന്റെ ഭാഗമാണ്. ഏഷ്യയിലെ മറ്റ് രാഷ്ട്രങ്ങള്‍ ചൈനയോട് തീകായുന്ന ബന്ധമേ പുലര്‍ത്തുന്നുള്ളൂ. ഈ സാഹചര്യത്തില്‍ പുതിയ മേഖല തുറന്നില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ചൈനക്കറിയാം. മധ്യപൗരസ്ത്യ ദേശത്തേക്കുള്ള കടന്ന് കയറ്റം ഇറാന്‍ വഴിയാകാമെന്ന് അവര്‍ നിശ്ചയിച്ചുറപ്പിക്കുന്നു.
നയം ആരോടും ശത്രുതയില്ലെന്നതാണല്ലോ. അത്‌കൊണ്ട് ഇറാനോട് കച്ചവടമുറപ്പിക്കാന്‍ വലതു കരം നീട്ടുമ്പോള്‍ ഇടതുകരം സഊദിക്ക് നല്‍കുന്നു ചൈന. ചൈനയുടെ എണ്ണ ഇറക്കുമതിയുടെ സിംഹ ഭാഗവും സഊദിയില്‍ നിന്നാണ്. ചൈനീസ് വ്യവസായവികസനത്തിന്റെ ആക്‌സിലറേറ്റര്‍ റിയാദിലാണെന്ന് ചുരുക്കം. മാത്രമല്ല, സഊദിയില്‍ സ്ഥിതിഗതികള്‍ ആകെ കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്. ശിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിന്റെ വധശിക്ഷയുടെ പശ്ചാത്തലത്തില്‍ ഇറാനുമായി പുതിയൊരു വടംവലിയിലേക്ക് രാജ്യം എടുത്തെറിയപ്പെട്ടിരിക്കുന്നു. അമേരിക്കയുടെ നയം മാറ്റത്തെ ഈ അറബ് നേതൃ രാഷ്ട്രം ആശങ്കയോടെയാണ് കാണുന്നത്. എണ്ണ വിലയിടിവിന്റെ ആഘാതം വേറെയും. ഈയവസരത്തില്‍ ചൈനയപ്പോലുള്ള ഒരു ശക്തിയുമായുള്ള ബാന്ധവം, അത് ഭാഗികമാണെങ്കില്‍ കൂടി, നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അമേരിക്കയോടുള്ള അമര്‍ഷം അവര്‍ ചൈനയോടുള്ള സഖ്യപ്പെടല്‍ വഴി രേഖപ്പെടുത്തുമെന്നുറപ്പാണ്. ഈ ഉറപ്പ് ഒന്ന് അരക്കിട്ടുറപ്പിക്കാന്‍ സി ജിന്‍ പിംഗിന് സാധിച്ചിരിക്കുന്നു.
ചിത്രം വ്യക്തമാണ്. മധ്യപൗരസ്ത്യ ദേശത്തെ കളികളില്‍ പങ്കെടുക്കാന്‍ തന്നെയാണ് ചൈനയുടെ തീരുമാനം. ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശത്തിലും ഫലസ്തീന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലും വൃത്തികെട്ട സമദൂരം പാലിക്കുകയായിരുന്നു ഇക്കാലം വരെ ചൈന. ഇത്തവണ ഈജിപ്തില്‍ ചെന്നപ്പോള്‍, ഈ നയം ഉപേക്ഷിക്കുകയാണെന്ന് സി ജിന്‍പിംഗ് പരസ്യമായി പ്രഖ്യാപിച്ചു. കിഴക്കന്‍ ജറൂസലം തലസ്ഥാനമായി രാഷ്ട്രം സ്ഥാപിക്കുകയെന്ന ഫലസ്തീന്റെ നിയമാനുസൃത അവകാശത്തെ ചൈന പിന്തുണക്കുമെന്നാണ് അദ്ദേഹം കൈറോയില്‍ പറഞ്ഞത്. ഒന്നും കാണാതെയല്ല ഈ പ്രഖ്യാപനം. മേഖലയിലെ എല്ലാ തര്‍ക്കങ്ങളിലും ചൈന ഇനിമേലില്‍ കക്ഷിയായിരിക്കുമെന്ന സന്ദേശമാണ് അത് നല്‍കുന്നത്. ചുരുക്കത്തില്‍ മധ്യപൗരസ്ത്യ ദേശത്ത് ഒരു വെടിക്ക് പല പക്ഷികളെ വീഴ്ത്തുകയാണ് ചൈന. കൂടുതല്‍ വേഗത്തിലുള്ള വ്യവസായവത്കരണത്തിന് ഊര്‍ജ ലഭ്യത ഉറപ്പാക്കിയിരിക്കുന്നു. രണ്ട്, മേഖലയില്‍ അമേരിക്കന്‍ താത്പര്യങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സമാന്തര അധികാര കേന്ദ്രമാകാന്‍ ശ്രമിക്കുന്നു. മൂന്ന്, തീവ്രവാദവിരുദ്ധ നീക്കത്തില്‍ കൂടുതല്‍ ബന്ധുബലത്തോടെ ഇടപെടാവുന്ന ശക്തിയായി തങ്ങള്‍ മാറുന്നുവെന്ന സൂചന ലോകത്തിന് നല്‍കാന്‍ സാധിക്കുന്നു. ആത്യന്തികമായി വ്യാപാര വൃത്തം വിശാലമാകുന്നു. മധ്യപൗരസ്ത്യ ദേശത്തെ ഈ പുതിയ ഉദയം ഇവിടെയുള്ള മനുഷ്യരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുമോയെന്ന ചോദ്യമാണ് അവശേഷിക്കുന്നത്. മേധാവിത്വമുറപ്പിക്കാനുള്ള മത്സരത്തിലേക്ക് ചൈന കൂടി വരുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുമോ? പരിഹാരത്തിലേക്കുള്ള വഴി തുറക്കുമോ?