അലിഗഢിന്റെയും ജാമിഅയുടെയും ന്യൂനപക്ഷ പദവി നിലനിര്‍ത്തണം

Posted on: January 31, 2016 5:49 am | Last updated: January 30, 2016 at 11:52 pm
SHARE

മുസ്‌ലിംകളാദി ന്യനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിച്ച അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയും ഡല്‍ഹിയിലെ ജാമിഅഃ മില്ലിയ്യഃയും മോദി സര്‍ക്കാറിന്റെ വര്‍ഗീയ അജന്‍ഡക്ക് വിധേയമാകുകയാണ്. അലിഗഢ് സര്‍വകലാശാലയെ ന്യൂനപക്ഷ സ്ഥാപനമായി കാണുന്നില്ലെന്നും ഒരു മതേതര രാജ്യത്ത് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചതിന് പിന്നാലെ ജാമിഅ മില്ലിയ്യയുടെ ന്യൂനപക്ഷ പദവി പിന്‍വലിക്കാനുള്ള നീക്കവും ആരംഭിച്ചിരിക്കയാണ് മോദി സര്‍ക്കാര്‍. ജാമിഅഃയുടെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന് അധികാരമുണ്ടെന്നും ന്യൂനപക്ഷ ദേശീയ കമ്മീഷന്റെ ഉത്തരവ് ഇതിന് നിയമ പരമായ തടസ്സമല്ലെന്നുമുള്ള നിയമ മന്ത്രാലയത്തിന്റെ ഉപദേശം ഇക്കാര്യത്തില്‍ സര്‍ക്കാറിന് ലഭിച്ചു കഴിഞ്ഞു. പാര്‍ലിമെന്റ് മുഖേന കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പ്രത്യേക നിയമനിര്‍മാണം വഴിയാണ് സര്‍വ്വകലാശാല സ്ഥാപിച്ചതെന്നും മുസ്‌ലിംകളല്ല ഇതിന്റെ സ്ഥാപകരെന്നുമുള്ള വസ്തുതാ വിരുദ്ധമായ അവകാശവാദവും നിയമോപദേശത്തിലുണ്ട്.
ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങളുടെ നവോഥാനത്തിനായി 1875ല്‍ സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ സ്ഥാപിച്ച മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളജാണ് പിന്നീട് അലിഗഢ് യൂനിവേഴ്‌സിറ്റിയായി ഉയര്‍ത്തപ്പെട്ടത്. 1920 ലാണ് പാര്‍ലിമെന്റ് സ്ഥാപനത്തിന് കേന്ദ്ര സര്‍വകലാശാല പദവി നല്‍കിയത്. 1967ല്‍ നിയമ ഭേദഗതിയിലൂടെ അലിഗഢിന് ന്യൂനപക്ഷ സ്വഭാവവും അനുവദിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളുടെയും ബ്രിട്ടീഷ് അനുകൂലികളുടെയും സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന മഹാത്മാ ഗാന്ധിജിയുടെ ആഹ്വാന പ്രകാരം രാജ്യത്തെ ദേശീയ മുസ്‌ലിംകള്‍ 1920ല്‍ സ്ഥാപിച്ചതാണ് ജാമിഅ മില്ലിയ്യ. 1988ലാണ് കേന്ദ്ര സര്‍വ്വകലാശാല പദവി ജാമിഅക്കു ലഭിച്ചത്. 2011ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്ഥാപനത്തിന് ന്യൂനപക്ഷ പദവിയും അതുപ്രകാരം 50 ശതമാനം സീറ്റില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് സംവരണവും അനുവദിച്ചു.
അലഗഢിനും ജാമിഅ മില്ലിയ്യക്കും ന്യൂനപക്ഷ പദവി അനുവദിക്കുന്നതിനോട് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് നേരത്തെ വിയോജിപ്പാണ്. അലിഗഢിന് പാര്‍ലിമെന്റ്‌ന്യൂനപക്ഷ പദവി നല്‍കിയപ്പോള്‍ ഇവര്‍ അലഹാബാദ് ഹൈക്കോടതിയെ സമീപിക്കുകയും കോടതി സംവരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. അലിഗഡിന് ന്യൂനപക്ഷ പദവി അനുവദിച്ച 1981ലെ സുപ്രിംകോടതി വിധി ചൂണ്ടിക്കാട്ടി 2006ല്‍ യു പി എ സര്‍ക്കാര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മുസ്‌ലിം സംഘടനകളുടെ സമ്മര്‍ദ്ദ ഫലമായി സമര്‍പ്പിച്ച ഈ ഹരജി പിന്‍വലിക്കാനാണിപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനം. ഇക്കാര്യം കേന്ദ്രത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിട്ടുമുണ്ട്. ന്യൂനപക്ഷ പദവി പുനഃസ്ഥാപിക്കാനുള്ള മുന്‍സര്‍ക്കാറിന്റെ നീക്കം തെറ്റായിരുന്നുവെന്നും അദ്ദേഹം വാദിക്കുകയുണ്ടായി. ജാമിഅഃ മില്ലിയ്യഃക്ക് ന്യൂനപക്ഷ പദവി നല്‍കിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നിലപാടിനെതിരെയും ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു കേസ് നിലവിലുണ്ട്. സ്ഥാപനത്തിന് സര്‍വകലാശാല പദവി ലഭിച്ചതോടെ അത് ന്യൂനപക്ഷ സ്ഥാപനമല്ലാതായിരിക്കുന്നു എന്നാണ് ഹരജിക്കാരന്റെ പക്ഷം.
2011-ല്‍ ജാമിഅ മില്ലിയ്യക്ക് ന്യൂനപക്ഷപദവി അനുവദിക്കുമ്പോള്‍ ജസ്റ്റിസ് എം എസ് സിദ്ദീഖി, മഹേന്ദ്ര സിംഗ്, സി തോമസ് എന്നിവരടങ്ങിയ അന്നത്തെ ന്യൂനപക്ഷ കമ്മീഷന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ഭരണഘടനയുടെ 30(1) വകുപ്പ് പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം വിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. ഇതടിസ്ഥാനത്തില്‍ ന്യൂനപക്ഷ സ്വഭാവം നിലനിര്‍ത്താനുള്ള അവകാശവും ഈ സ്ഥാപനങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതോടെ അതിന്റെ ന്യൂനപക്ഷ സ്വഭാവം ഇല്ലാതാകുന്നില്ല. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുവെന്നതും ന്യൂനപക്ഷ സ്വഭാവം നിഷേധിക്കാന്‍ കാരണമല്ല. മുസ്‌ലിംകള്‍ കൂടി ഉള്‍ക്കൊള്ളുന്ന പൊതുജനത്തിന്റെ നികുതിപ്പണത്തില്‍ നിന്നാണ് ഇവക്ക് സഹായം നല്‍കുന്നത്. സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തിനു മറ്റു മതവിഭാഗങ്ങള്‍ക്കുള്ളത്ര തന്നെ അവകാശം മുസ്‌ലിംകള്‍ക്കുമുണ്ട്. സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി മുസ്‌ലിംകള്‍ സ്ഥാപിച്ചതാണ് ജാമിഅഃ. ഇതടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ മുസ്‌ലിം ന്യൂനപക്ഷ സ്ഥാപന പദവി നഷ്ടപ്പെടുത്തുന്നത് ന്യായമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സര്‍വകലാശാല പദവി ലഭിക്കുന്നതോടെ ന്യൂനപക്ഷ സ്വഭാവം നഷ്ടപ്പെടുമെന്ന വാദം ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും ഉള്‍ക്കൊള്ളുന്ന ഡല്‍ഹി ഹൈക്കോടതി ബെഞ്ചും തള്ളിക്കളഞ്ഞതാണ്.
അന്ധമായ മുസ്‌ലിം വിരോധത്തിനപ്പുറം അലിഗഢിന്റെയും ജാമിഅഃ മില്ലിയ്യയുടെയും ന്യൂനപക്ഷ പദവി എടുത്തു കളയാനുള്ള നീക്കത്തിന് ഭരണ ഘടനയുടെയോ നിയമത്തിന്റെയോ പിന്തുണയില്ലെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. മതേതരത്വത്തിന്റെ അന്തഃസ്സത്തക്ക് കടക വിരുദ്ധമായ സര്‍ക്കാറിന്റെ വര്‍ഗീയ അജന്‍ഡക്കെതിരെ മതേതര കക്ഷികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ട്. കോണ്‍ഗ്രസ്, ജെ ഡി യു, ആര്‍ ജെ ഡി. തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ആംആദ്മി, എന്‍ സി പി തുടങ്ങിയ കക്ഷികള്‍ കേന്ദ്ര നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് കേവല പ്രസ്താവനകളില്‍ ഒതുക്കാതെ ശക്തമയ പ്രക്ഷോഭമുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here