Connect with us

International

തുര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി: 33 മരണം

Published

|

Last Updated

അങ്കാറ: ഈജിയന്‍ കടലില്‍ തുര്‍ക്കിയില്‍ നിന്നുള്ള അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി അഞ്ച് കുട്ടികളുള്‍പ്പെടെ 33 പേര്‍ മരിച്ചു. തുര്‍ക്കിയിലെ കാനക്കെയ്ല്‍ പ്രവിശ്യയിലെ ഐവാസിക് ജില്ലയില്‍ നിന്നുള്ള അഭയാര്‍ഥികളാണ് ഗ്രീക്ക് ദ്വീപിലേക്കുള്ള പലായനത്തിനിടെ ബോട്ട് മുങ്ങി മരിച്ചത്. ബോട്ടിലുണ്ടായിരുന്നു 75 അഭയാര്‍ഥികളെ തുര്‍ക്കിഷ് തീരദേശ സേന ശനിയാഴ്ച രാവിലെ രക്ഷപ്പെടുത്തിയതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് പലായനം ചെയ്യുന്നതിനിടെ 244 അഭയാര്‍ഥികള്‍ ഈ മാസം കൊല്ലപ്പെട്ടതായി ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രന്റ് പുറത്തുവിട്ട രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 82 പേരാണ് കൊല്ലപ്പെട്ടതെന്ന് രേഖകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷത്തി അമ്പതിനായിരം പേര്‍ ഗ്രീസിലേക്ക് പലായനം ചെയ്തിട്ടുണ്ട്. തുര്‍ക്കിയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കള്ളക്കടത്തു സംഘങ്ങള്‍ വലിയ സംഖ്യയാണ് ഈടാക്കുന്നത്. സുരക്ഷിതമല്ലാത്ത ഇത്തരം ബോട്ടുകളിലുള്ള യാത്ര നിരവധി പേരുടെ ജീവഹാനിയുണ്ടാക്കിയിട്ടുണ്ട്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ പലായനത്തിന് അറുതി വരുത്താന്‍ കഴിഞ്ഞ നവംബറില്‍ അവരെ തിരികെ കൊണ്ടുവരുന്നതിനായി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയില്‍ 2.2 മില്യന്‍ സിറിയന്‍ അഭയാര്‍ഥികളുണ്ട്. ഇവരെ സംരക്ഷിക്കുന്നതിനായി 8.5 മില്യന്‍ ഡോളര്‍ ചിലവഴിച്ചിട്ടുണ്ട്.

Latest